POCSO കേസിൽ അറസ്റ്റിലായ അധ്യാപകൻ എസ്പി ഓഫീസ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ബെംഗളൂരു: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ 49കാരനായ അധ്യാപകൻ എസ്പി ഓഫീസ് സമുച്ചയത്തിലെ മൂന്നാം നിലയിൽ നിന്ന് ചാടി മരിച്ചു. വിജയനഗർ സ്വദേശിയായ ശശിധർ ആണ് മരിച്ചത്. ചന്നപട്ടണ താലൂക്കിലെ സ്വകാര്യ സ്കൂളിൽ കായികാധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തിന്റെ സിസിടിവു ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ടാണ് ശശിധറിനെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ റാമനഗര വനിതാ പൊലീസ് സ്റ്റേഷനിൽ POCSO നിയമപ്രകാരം കേസും രജിസ്റ്റർ ചെയ്തു. അറസ്റ്റിന് പിന്നാലെ സർക്കാർ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷം, ജുഡീഷ്യൽ കസ്റ്റഡിക്ക് കൈമാറുന്നതിന് മുന്നോടിയായുള്ള നടപടികൾക്കായാണ് ഞായറാഴ്ച എസ്പി ഓഫീസ് സമുച്ചയത്തിലെത്തിച്ചത്.

മൂന്നാം നിലയിലെ മെഷർമെന്റ് കളക്ഷൻ യൂണിറ്റിൽ വിരലടയാളം രേഖപ്പെടുത്തിയ ശേഷം പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ശശിധർ ഒപ്പമുണ്ടായിരുന്ന പൊലീസുകാരനെ തള്ളിമാറ്റി  താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

അതേസമയം, ശശിധറിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പൊലീസ്-സ്കൂൾ മാനേജ്മെന്റിന്റെ സമ്മർദമാണ് മരണത്തിന് കാരണമായതെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Share