സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ടി. വീണ എന്നിവര്‍ക്കെതിരായ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കടേഷിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. എസ്.പി. വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

ഇഡി കൈമാറിയ രേഖകളും തെളിവുകളും പരിശോധിക്കുന്നതിനൊപ്പം അന്വേഷണ ഉദ്യോഗസ്ഥര്‍ ഇഡി ഉദ്യോഗസ്ഥരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. ഇഡി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അന്വേഷണത്തില്‍ തെളിവ് ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കുന്ന നടപടിയിലേക്ക് കടക്കും. സിഎംആറില്‍ നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സിന് ലഭിച്ച പണമിടപാടുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളാണ് ഇഡി ഉന്നയിച്ചിരിക്കുന്നത്. പിണറായി വിജയന് കൈക്കൂലി ലഭിച്ചെന്ന ആരോപണവും റിയാസിനും വീണക്കും ഹവാല ഇടപാടുമായി ബന്ധമുണ്ടെന്ന ആരോപണവും ഇഡിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് ലഭിച്ച നിയമോപദേശവും സര്‍ക്കാര്‍ പരിഗണിച്ചു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തേണ്ടതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധികളും നിയമോപദേശത്തില്‍ പരിഗണിച്ചതായാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഈ മാസം എട്ടിനാണ് 25 പേജുള്ള കത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കൈമാറിയത്. സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ ലഭിച്ച വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.

സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്ത, മുന്‍ ചീഫ് ഫിനാന്‍സ് ഓഫീസര്‍ പി. സുരേഷ് കുമാര്‍ എന്നിവരെയും ഇഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. റിയാസുമായി ബന്ധമുണ്ടെന്ന് ഋഉ പറയുന്ന ഷൈജല്‍ മുഹമ്മദ്, പി. നിഖില്‍, ഹസന്‍ വാരിസ്, വി.പി. ഫൈജാസ്, എം. നന്ദുലാല്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട ഇടപാടുകളും അന്വേഷണത്തിന്റെ പരിധിയില്‍ വരും.

Share