പ്രയാഗ്‌രാജ്: കേസ് ഏറ്റെടുക്കാൻ അഭിഭാഷകർ വിസമ്മതിച്ചതോടെ അതീഖ് അഹമ്മദിന്റെ മകൻ അലി അഹമ്മദിന് സർക്കാർ ചെലവിൽ അഭിഭാഷകൻ. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മുഖേനയാണ് അഭിഭാഷകനെ നിയമിച്ചത്. നിയമപരമായ നടപടിയുടെ ഭാഗമാണ് സർക്കാർ ചെലവിൽ അഭിഭാഷകനെ നിയമിച്ചത്.
പിതാവ് അതീഖ് അഹമ്മദിന്റെയും പിതൃസഹോദരൻ അഷ്റഫിന്റെയും മരണത്തിന് ശേഷം കേസ് ഏറ്റെടുക്കാൻ അഭിഭാഷകർ തയ്യാറാകുന്നില്ലെന്ന് അലി കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് അലിയ്‌ക്ക് നിയമസഹായം നൽകുന്നതിനുള്ള നടപടികൾ കോടതി ആരംഭിച്ചത്. സമാജ് വാദി എംപിയും ഗുണ്ടാനേതാവുമായ ആതീഖും സഹോദരനും 2023 ഏപ്രിലിലാണ് പ്രയാഗ്‌രാജിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം.
അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി അനുരാധ പുന്ദിർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് കത്തയച്ച് അലി അഹമ്മദിന്റെ ആവശ്യം പരിഗണിക്കാൻ നിർദേശം നൽകി. തുടർന്ന് ലീഗൽ എയ്ഡ് ചീഫ് ഡിഫൻസ് കൗൺസൽ വികാസ് ഗുപ്തയെ അലിയ്‌ക്ക് വേണ്ടി ഹാജരാകാൻ നിയമിച്ചു.
അതേ കേസിലെ മറ്റ് പ്രതികൾക്കും നിയമസഹായം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുഹമ്മദ് അർഷാദ് കത്ര, കൈഷ് അഹമ്മദ്, രാകേഷ് എന്ന നകേഷ്, ഷാരൂഖ് എന്ന ഷഹ്‌റൂഖ്, സദാകത് ഖാൻ, നിയാസ് അഹമ്മദ് എന്നിവർക്കാണ് നിയമസഹായം നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്.
സെപ്റ്റംബർ 15ന് വീഡിയോ കോൺഫറൻസിങ് വഴി നടന്ന വാദത്തിനിടെയാണ് അലി അഹമ്മദിന്റെയും മറ്റ് പ്രതികളുടെയും മൊഴികൾ രേഖപ്പെടുത്തിയത്. രണ്ട് മണിക്കൂറിലേറെ നീണ്ട നടപടികൾക്കിടെ സർക്കാർ ചെലവിൽ അഭിഭാഷകരെ അനുവദിക്കണമെന്ന് പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടു.
അതീഖ് അഹമ്മദിന്റെ രണ്ടാമത്തെ മകനാണ് അലി. നിലവിൽ ഇയാൾ ജയിലിലാണ്. മൂത്ത മകൻ ഉമറും ഉത്തർപ്രദേശിലെ മറ്റൊരു ജയിലിലാണ്. ഉമേഷ് പാൽ വധക്കേസിൽ പൊലീസ് തിരഞ്ഞിരുന്ന ഇളയ സഹോദരൻ അസദ് 2023ൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഏറ്റവും ഇളയ സഹോദരൻ അബാൻ കഴിഞ്ഞ മാസം റോഡപകടത്തിലും മരിച്ചു.