തിരുവനന്തപുരം: വഴിത്തർക്കത്തെ തുടർന്ന് സഹോദരനെ കൊലപ്പെടുത്തിയ കേസിൽ സഹോദരിക്കും മക്കൾക്കും ജീവപര്യന്തം. കടകപ്പള്ളി വില്ലേജിൽ വെട്ടുകാട് വാർഡിലെ സാബുവിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി അനിറ്റ് ജോസഫിന്റേതാണ് വിധി.
2021ലാണ് കൊലപാതകം നടന്നത്. ആൾസെയിന്റ്സ് ഈന്തിവിളാകത്ത് താമസക്കാരിയായ സതീദേവി (50) മക്കളായ നിധീഷ് (35) രതീഷ് (30) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മൂന്ന് പ്രതികളും ചേർന്ന് 3.5 ലക്ഷം പിഴയായും ഒടുക്കണം.
2021 ഒക്ടോബർ 25 നാണ് കൊല്ലപ്പെട്ട സാബുവിനെ പ്രതികൾ കമ്പിപാര, ഇടിവള മുതലായ മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ച് പരിക്കേല്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സാബു 2021 ഡിസംബർ 31 ന് മരണപ്പെടുകയായിരുന്നു.
വലിയതുറ പോലീസ് ഇൻസ്പെക്ടറായ ആർ പ്രകാശ്, സതികുമാർ എന്നിവർ അന്വേഷിച്ച് കുറ്റപത്രം സമര്പ്പിച്ച കേസില് പ്രോസിക്യൂഷന് 43 സാക്ഷികളേയും 60രേഖകളും ഹാജരാക്കി വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വേണി.കെ ഹാജരായി.