ശ്രീനഗർ: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ശീതൽനാഥ ക്ഷേത്രം വീണ്ടും തുറന്നു. ഹബ്ബ കദൽ മേഖലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുനരുദ്ധാരിച്ച ക്ഷേത്രം പൂജകൾക്ക് ശേഷം ഭക്തർക്കായി തുറന്നുകൊടുത്തു.
വിവിധ സംസ്ഥാനങ്ങളിൽനിന്ന് നിരവധി കശ്മീരി പണ്ഡിറ്റ് കുടുംബങ്ങൾ ചടങ്ങിൽ പങ്കെടുക്കാനെത്തി. ഇവരെ പ്രദേശത്തെ കശ്മീരി മുസ്ലിം സമൂഹം സ്വീകരിച്ചതും ശ്രദ്ധേയമായി. കശ്മീരിന്റെ സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമായി ചടങ്ങ് മാറി. ശ്രീനഗർ സ്മാർട്ട് സിറ്റി ലിമിറ്റഡിന്റെ (SSCL) നേതൃത്വത്തിൽ ജമ്മു കശ്മീർ സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെയാണ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്തിയത്.
കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനവും തകർന്നു വീണ ക്ഷേത്രവും
1990ൽ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തിന് പിന്നാലെ ക്ഷേത്രം ഏറെക്കാലം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. വർഷങ്ങളായുള്ള അവഗണനയ്‌ക്കിടെ ക്ഷേത്ര സമുച്ചയത്തിന് വലിയ നാശനഷ്ടങ്ങളും നേരിട്ടു. തീപിടിത്തത്തിലും കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ തകർന്നിരുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിൽ, ഹവൻശാല തുടങ്ങിയ പ്രധാന ഭാഗങ്ങൾ ഉൾപ്പെടെ പുനർനിർമിച്ചാണ് ഇപ്പോൾ പുനരുദ്ധാരണം പൂർത്തിയാക്കിയത്. . 2021ലെ വസന്ത പഞ്ചമിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ പൂജ നടത്താൻ ശ്രമം നടത്തിയിരുന്നെങ്കിലും കെട്ടിടത്തിന്റെ സ്ഥിതി മോശമായതിനാൽ പൊതുജനങ്ങൾക്ക് പ്രവേശനം നിയന്ത്രിച്ചിരുന്നു.

കശ്മീരി ശൈവ പാരമ്പര്യത്തിലെ പ്രധാന കേന്ദ്രം
കശ്മീരി ശൈവ പാരമ്പര്യത്തിൽ ശീതൽനാഥ ക്ഷേത്രത്തിന് പ്രധാന സ്ഥാനമാണുള്ളത്. ശ്രീനഗറിന്റെ സംരക്ഷകരായി കണക്കാക്കപ്പെടുന്ന അഷ്ടഭൈരവങ്ങളിൽ ഒന്നായും ക്ഷേത്രം അറിയപ്പെടുന്നു.
ഋഷി കശ്യപനുമായും പുരാതന കശ്മീരിന്റെ സതീസർ എന്ന ഐതിഹ്യവുമായി ബന്ധപ്പെട്ടും ഈ പ്രദേശത്തെക്കുറിച്ച് പ്രാദേശിക വിശ്വാസങ്ങളുണ്ട്. അതിനാൽ മതപരമായ പ്രാധാന്യത്തിനൊപ്പം കശ്മീരിന്റെ ചരിത്ര-സാംസ്കാരിക പൈതൃകത്തിലും ക്ഷേത്രത്തിന് പ്രത്യേക സ്ഥാനമുണ്ട്.
ഹിന്ദു-മുസ്ലിം കുട്ടികൾ ഒരുമിച്ച് പഠിച്ചിരുന്ന ഇടം
1990ന് മുമ്പ് ക്ഷേത്ര സമുച്ചയത്തിൽ പ്രൈമറി, ഹയർ സെക്കൻഡറി സ്കൂളുകളും പ്രവർത്തിച്ചിരുന്നു. ഹിന്ദു, മുസ്ലിം വിഭാഗങ്ങളിൽപ്പെട്ട കുട്ടികൾ ഇവിടെ ഒരുമിച്ച് പഠിച്ചിരുന്നു.
20-ാം നൂറ്റാണ്ടിൽ താഴ്‌വരയിലെ സാമൂഹിക-രാഷ്‌ട്രീയ കൂടിച്ചേരലുകൾക്കും ക്ഷേത്ര സമുച്ചയം വേദിയായിരുന്നു. മഹാത്മാഗാന്ധി, അടൽ ബിഹാരി വാജ്‌പേയി, ജവഹർലാൽ നെഹ്‌റു, ഇന്ദിര, തുടങ്ങിയ ദേശീയ നേതാക്കൾ ഇവിടെ നടന്ന പരിപാടികളിൽ പങ്കെടുത്ത് പ്രസംഗിച്ചിട്ടുമുണ്ട്.
പൈതൃക കേന്ദ്രങ്ങളുടെ പുനരുദ്ധാരണം
ജമ്മു കശ്മീരിലെ ചരിത്രപ്രാധാന്യമുള്ള ആരാധനാലയങ്ങളുടെ സംരക്ഷണ-പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ശീതൽനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്തിയതെന്ന് അധികൃതർ അറിയിച്ചു. ക്ഷേത്രങ്ങൾക്കൊപ്പം സൂഫി ദർഗകൾ, ഗുരുദ്വാരകൾ, മസ്ജിദുകൾ തുടങ്ങിയ വർഷങ്ങളായുള്ള സംഘർഷങ്ങളിൽ കേടുപാടുകൾ സംഭവിച്ചതോ അവഗണിക്കപ്പെട്ടതോ ആയ ആരാധനാലയങ്ങളും പുനരുദ്ധരിക്കുന്ന പദ്ധതികൾ ഇതിന്റെ ഭാഗമാണ്.















