തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സമ്പൂർണ മദ്യനിരോധനം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷൻ(04), ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷൻ(14), വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ ഡിവിഷൻ (07), മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ വാർഡ് (16), തിരുപുറം ഗ്രാമപഞ്ചായത്തിലെ പഴയകട വാർഡ് (05) എന്നിവിടങ്ങളിലും പോളിംഗ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന വാർഡ് പരിധിക്കുള്ളിലും സമ്പൂർണ മദ്യനിരോധനംഏർപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അനു കുമാരി ഉത്തരവിറക്കി. വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂർ സമയത്തേയ്‌ക്കും വോട്ടെണ്ണൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന വാർഡ് പരിധിയ്‌ക്കുള്ളിൽ വോട്ടെണ്ണൽ നടക്കുന്ന സെപ്റ്റംബർ 29നുമാണ് സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളിലും പോളിംഗ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന വാർഡുകളിലും, പോളിംഗ് നടക്കുന്ന വാർഡുകളോടു ചേർന്നു കിടക്കുന്ന വാർഡുകളിലും സെപ്റ്റംബർ 26ന് വൈകുന്നേരം 6 മണി മുതൽ സെപ്റ്റംബർ 28ന് പോളിംഗ് അവസാനിക്കുന്ന സമയം വരെയും , വോട്ടെണ്ണൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന വാർഡ് പരിധിക്കുള്ളിൽ വോട്ടെണ്ണൽ ദിവസവും(സെപ്റ്റംബർ 29) സമ്പൂർണ മദ്യനിരോധനമായിരിക്കും. ഇക്കാലയളവിൽ ബന്ധപ്പെട്ട പോളിംഗ് പ്രദേശങ്ങളിൽ യാതൊരു തരത്തിലുള്ള മദ്യവും വിൽക്കുകയോ, വിതരണം ചെയ്യുകയോ, കൈമാറ്റം ചെയ്യുകയോ ചെയ്യാൻ പാടുള്ളതല്ലെന്ന് ഉത്തരവിൽ പറയുന്നു.

മദ്യനിരോധന കാലയളവിൽ ബന്ധപ്പെട്ട പോളിംഗ് പ്രദേശങ്ങളിലുള്ള ലൈസൻസുള്ള മദ്യശാലകൾ, വിദേശമദ്യ ചില്ലറ വിൽപ്പനശാലകൾ, ബാർ ഹോട്ടലുകൾ, ക്ലബ്ബുകൾ, കള്ളുഷാപ്പുകൾ, മദ്യം വിൽക്കുകയോ വിളമ്പുകയോ ചെയ്യുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയെല്ലാം അടച്ചിടേണ്ടതും മദ്യം വിൽക്കുകയോ വിളമ്പുകയോ ചെയ്യാൻ പാടില്ലാത്തതുമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ഏതെങ്കിലും പോളിംഗ് സ്റ്റേഷനിൽ റീപോൾ നടത്തേണ്ട സാഹചര്യമുണ്ടായാൽ, റീപോൾ സംബന്ധിച്ച് ബാധകമായ കാലയളവിലും പ്രദേശത്തും നിലവിലുള്ള നിയമങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങളും അനുസരിച്ച് മദ്യനിരോധനം തുടരും.

നിയന്ത്രണ പരിധിയിലുൾപ്പെടുന്ന വാർഡുകൾ

തിരുപുറം ഗ്രാമപഞ്ചായത്തിലെ പഴയകട വാർഡ്, മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്‌ക്കൽ വാർഡ്

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷൻ -അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ കെട്ടുപുര, പുത്തൻനട, കൊച്ചുമേത്തൻകടവ്, വലിയപള്ളി, അഞ്ചുതെങ്ങ്‌കോട്ട,അഞ്ചുതെങ്ങ് ജംഗ്ഷൻ എന്നീ വാർഡുകളും ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മുതലപ്പൊഴി, അരയത്തുരുത്തി,പുളുന്തുരുത്തി

വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ ഡിവിഷൻ- ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ ഞെക്കാട്, മതുരക്കോട്, ചേന്നൻകോട്, കല്ലമ്പലം, മുള്ളറംകോട്, വെട്ടിമൺകോണം,തോപ്പുവിള, നെല്ലിക്കോട്, ഒറ്റൂർ കൃഷിഭവൻ

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ-വാമനപുരം ഗ്രാമപഞ്ചായത്തിലെ പന്തുവിള, ആനച്ചൽ, വാഴ്‌വേലിക്കോണം,വാമനപുരം,കരുവയൽ, ആനാകുടി, പൂപ്പുറം, കാഞ്ഞിരംപാറ, കുറ്റിമൂട്, മീത്തൂർ, തൂങ്ങയിൽ, ഇരുളൂർ,പൂവത്തൂർ, മേലാറ്റുമൂഴി, ഈട്ടിമൂട്, കളമച്ചൽ, നെല്ലനാട് ഗ്രാമപഞ്ചായത്തിലെ നെല്ലനാട് വാർഡ്, കല്ലറ ഗ്രാമപഞ്ചായത്തിലെ കല്ലറ, കല്ലറടൗൺ, വെള്ളംകുടി, താപസഗിരി, കുറുമ്പയം, പാൽക്കുളം, കെ റ്റി കുന്ന്, ചെറുവാലം, തെങ്ങുംകോട്, പരപ്പിൽ, കല്ലുവരമ്പ്, മുതുവിള, അരുവിപ്പുറം, കുറിഞ്ചിലക്കാട്, പ്ലാക്കോട്, മിതിർമല, മൂലയിൽക്കോണം, തുമ്പോട് പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ, മണക്കോട്, പാങ്ങോട്, മരനാട്, തൃക്കോവിൽവട്ടം, മൂലപ്പേഴ്, അബേദ്കർ നഗർ, ഭരതന്നൂർ, വലിയവയൽ,എക്സർവീസ്‌മെൻ കോളനി, കാക്കാനിക്കര,മൈലമൂട്, അഞ്ചാനക്കുഴിക്കര, വെള്ളയംദേശം, പുളിക്കര,ലെനിൻകുന്ന്, കൊച്ചാലുംമൂട്, ഉളിയൻകോട്,പഴവിള

Share