‘ശരത് വെറും ജിം ട്രെയിനർ, യോഗ്യതയോ രജിസ്ട്രേഷനോ ഇല്ല’; പയ്യന്നൂരിൽ പിടിയിലായത് ‘വ്യാജൻ’ എന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂർ: പയ്യന്നൂരിൽ ചികിത്സയ്‌ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായത് വ്യാജ ഫിസിയോതെറാപ്പിസ്റ്റാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്സ് (IAP) കണ്ണൂർ ഘടകം വ്യക്തമാക്കി. ഇത്തരം വ്യാജന്മാർക്കെതിരെ പൊതുജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

പ്രതിയായ ശരത് നാരായണൻ എന്ന വ്യക്തിക്ക് ഫിസിയോതെറാപ്പിസ്റ്റ് യോഗ്യതയോ രജിസ്ട്രേഷനോ ഇല്ല. ഫിസിയോതെറാപ്പി ചികിത്സ നൽകുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതയും പ്രൊഫഷണൽ അസോസിയേഷൻ രജിസ്ട്രേഷനും ഇല്ലാത്ത വ്യക്തികൾ ‘ഫിസിയോതെറാപ്പിസ്റ്റ്’ എന്ന പേരിലോ ഫിസിയോതെറാപ്പി സേവനങ്ങളുടെ പേരിലോ പ്രവർത്തിക്കുന്നത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നും അസോസിയേഷൻ ചൂണ്ടികാട്ടി.

പിടിയിലായ വ്യക്തി കേവലം ഒരു ജിം ട്രെയിനർ മാത്രമാണ്.  ഇയാൾക്ക് ഫിസിയോതെറാപ്പിയുമായി യാതൊരു ബന്ധവുമില്ല. ‘ഫിസിയോതെറാപ്പിസ്റ്റ്’ എന്ന വ്യാജേന ഇയാൾ രോഗികളെ നോക്കുന്നതിനെതിരെ മുൻപും ഐ.എ.പി പോലീസിൽ പരാതി നൽകിയിരുന്നു. അന്ന് ഇയാൾ, ഫിസിയോതെറാപ്പി പ്രാക്ടീസ് ചെയ്യില്ലെന്ന് പോലീസിന് രേഖാമൂലം  എഴുതി നൽകിയി‍രുന്നു.

മാത്രമല്ല, മുൻപും ഇയാൾക്കെതിരെ സമാനമായ പീഡന പരാതി ഉയരുകയും പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ജയിൽ മോചിതനായ ശേഷം ഇയാൾ വീണ്ടും മറ്റൊരു ക്ലിനിക് ആരംഭിച്ച് വ്യാജ ചികിത്സ തുടരുകയായിരുന്നു. ഇതിനിടയിലാണ് വീണ്ടും പീഡന പരാതി ഉയർന്നത്. ചികിത്സ തേടുന്നതിന് മുൻപ് ഫിസിയോതെറാപ്പിസ്റ്റുകളുടെ യോഗ്യത കൃത്യമായി ഉറപ്പുവരുത്താൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും ഐ.എ.പി കണ്ണൂർ ഘടകം അഭ്യർത്ഥിച്ചു.

മതിയായ വിദ്യാഭ്യാസ യോഗ്യതകളില്ലാത്ത ഇത്തരം വ്യാജ ചികിത്സകരുടെ അടുത്ത് പോയി സ്വന്തം ജീവനും മാനവും അപകടത്തിലാക്കരുതെന്നും വ്യാജമാ‍ർക്ക് എതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അസോസിയേഷൻ വ്യക്തമാക്കി.

Share