പൊലീസുകാരൻ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച തൊണ്ടിമുതൽ കണ്ടെത്തി; ഹാൻസ് ചാക്കുകൾ സബിത്ത് ഒളിപ്പിച്ചത് പൊലീസ് ക്വാർട്ടേഴ്സിൽ

Published by
ജനം വെബ്‌ഡെസ്ക്

വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷണം പോയ തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാൻസ് കണ്ടെത്തി. കേസിൽ അറസ്റ്റിലായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തുമായി നടത്തിയ തെളിവെടുപ്പിലാണ് ഹാൻസ് ചാക്കുകൾ കണ്ടെത്തിയത്.

സ്റ്റേഷനിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് ചാക്കുകൾ കണ്ടെത്തിയത്. കൽപ്പറ്റയിൽ സൂക്ഷിച്ചിരുന്ന ഹാൻസ് ചാക്കുകൾ കേസെടുത്തതിന് പിന്നാലെ പുലർച്ചെ ക്വാർട്ടേഴ്സിലേക്ക് മാറ്റിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

സ്റ്റേഷനിൽ നിന്ന് ഹാൻസ് ചാക്കുകൾ പുറത്തേക്ക് എത്തിച്ചത് സബിത്ത് ഒറ്റയ്‌ക്കാണെന്നും ഇയാൾക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സബിത്ത് കുറ്റസമ്മതം നടത്തിയതായും പൊലീസ് വ്യക്തമാക്കി.

ജൂൺ ഏഴിന് പിടികൂടിയ ഏഴ് ചാക്ക് ഹാൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിക്കുകയായിരുന്നു. ജൂൺ 26ന് കോടതിയിൽ ഹാജരാക്കിയ തൊണ്ടിമുതൽ സെപ്റ്റംബർ 10ന് സ്റ്റോർ റൂം വൃത്തിയാക്കാനായി തുറന്നപ്പോഴാണ് കാണാതായതായി കണ്ടെത്തിയത്. മുറിയുടെ പൂട്ട് പൊളിച്ചിരുന്നില്ല.

തുടർന്നുള്ള അന്വേഷണത്തിലാണ് സബിത്തിലേക്ക് അന്വേഷണം എത്തിയത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ ഹാൻസ് ചാക്കുകൾ വാഹനത്തിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് സബിത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ഇയാൾ ഒളിവിൽ പോകുകയും ചെയ്തു. സെപ്റ്റംബർ 20ന് എറണാകുളം കളമശേരിയിൽ നിന്നാണ് സബിത്തിനെ പൊലീസ് പിടികൂടിയത്.

 

Share