മൂന്നാർ: ഇടുക്കി മൂന്നാർ പെരിയവാര എസ്റ്റേറ്റ് മേഖലയിൽ വ്യാപക കാട്ടാനക്കൂട്ട ആക്രമണം. കഴിഞ്ഞ രണ്ട് ദിവസമായി ജനവാസ മേഖലയിൽ തുടരുന്ന കാട്ടാനക്കൂട്ടം വാഹനങ്ങളും പച്ചക്കറി തോട്ടങ്ങളും പൂർണ്ണമായി ചവിട്ടി നശിപ്പിച്ചു. കുട്ടിയാനകൾ ഉൾപ്പെടെയുള്ള സംഘമാണ് പ്രദേശത്ത് നിലയുറപ്പിച്ചിരുന്നത്.
ഇന്നലെ അർദ്ധരാത്രിയോടെയാണ് പെരിയവാര മേഖലയിൽ ആനകൾ വീണ്ടും ഭീതി പരത്തിയത്. കൃഷിയിടങ്ങളും പച്ചക്കറി തോട്ടങ്ങളും നശിപ്പിച്ച സംഘം വാഹനങ്ങൾക്ക് നേരെയും തിരിഞ്ഞു. മൂന്നാർ മേഖലയിൽ വന്യജീവി ആക്രമണം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണെങ്കിലും, ഇവരെ ഉൾവനത്തിലേക്ക് തുരത്താൻ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുകൾ ഒന്നും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെയും തൊഴിലാളികളുടെയും പ്രധാന ആരോപണം.
പകൽ സമയത്ത് സ്ഥലത്തെത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത് മടങ്ങുകയാണെന്നും ചെയ്യുന്നത്, വെെകുന്നേരമാകുമ്പോൾ പിൻവാങ്ങുന്ന ഉദ്യോഗസ്ഥർ രാത്രിയാകുമ്പോൾ ജനവാസ മേഖലയിലേക്ക് തിരിച്ചെത്തുന്ന ആനകളെ തടയാൻ തയ്യാറാകുന്നില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. തേയിലത്തോട്ടങ്ങൾ നിറഞ്ഞ ഈ പ്രദേശത്ത് തൊഴിലാളികൾ പേടിച്ചാണ് പണിക്ക് പോലും പോകാന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പാണ് നാട്ടുകാർ നൽകുന്നത്. വനം വകുപ്പിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്നും ഗുരുതരമായ അലംഭാവമാണ് ഉണ്ടാകുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.