കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയും മുൻ അധ്യാപികയുമായ കീർത്തനയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കീർത്തനയോടും സുഹൃത്തുക്കളോടുമുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലിവിംഗ് പങ്കാളിയായിരുന്ന ജിനീഷിന്റെ മൊഴി.
ഇൻസ്റ്റഗ്രാമിൽ കീർത്തനയും സുഹൃത്തുക്കളും അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ചതിൽ ജീനീഷിന് കടുത്ത വൈരാഗ്യമുണ്ടായിരുന്നു. കീർത്തനയെ ആക്രമിക്കാനായി ഒരാഴ്ച മുമ്പ് തന്നെ കത്തി വാങ്ങിയിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. വടകരയിൽ നിന്നുതന്നെയാണ് കത്തി സംഘടിപ്പിച്ചതെന്നും, ആക്രമണത്തിന് അനുയോജ്യമായ സാഹചര്യം ലഭിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കീർത്തന വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകേണ്ടതുണ്ടായിരുന്നു. എന്നാൽ നിശ്ചിത സമയത്ത് കീർത്തന പുറത്തേക്ക് വരാത്തതിനെ തുടർന്ന് പ്രതി പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് സ്റ്റേഷൻ പരിസരത്തുവച്ച് കീർത്തനയെ ആക്രമിക്കുകയായിരുന്നു.
വടകര എംഡിഎംഎ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്നു കീർത്തന. മൂന്ന് അധ്യാപികമാർ ഉൾപ്പെട്ട കേസിൽ രണ്ടാം പ്രതിയായ കീർത്തനയ്‌ക്ക് എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ഒപ്പിടണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. ഈ വ്യവസ്ഥ പാലിക്കാനാണ് ശനിയാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിലെത്തിയത്.
രാവിലെ പത്തുമണിയോടെയാണ് സ്റ്റേഷൻ പരിസരത്ത് ആക്രമണമുണ്ടായത്. കഴുത്തിന് ഉൾപ്പെടെ നിരവധി കുത്തേറ്റ കീർത്തനയെ ആദ്യം വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
കീർത്തനയുടെ രണ്ടാമത്തെ ജീവിതപങ്കാളിയാണ് ബസ് ഡ്രൈവറായ ജനീഷ്. എംഡിഎംഎം കേസിൽ കീർത്തന പിടിയിലാകുന്നതുവരെ ഇരുവരും ഒരുവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട് കീർത്തന ജയിൽനിന്ന് ഇറങ്ങിയശേഷം രണ്ടുപേരും അകന്നു.
അതേസമയം, വടകര എംഡിഎംഎ കേസിന്റെ പശ്ചാത്തലവും അന്വേഷണത്തിൽ നിർണായകമാണ്. ജൂൺ 28ന് രണ്ട് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കീർത്തനയിലേക്കും പിന്നീട് മറ്റ് അധ്യാപികമാരിലേക്കും അന്വേഷണം എത്തിയത്.