ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാർ ക്യാബിനറ്റ് സെക്രട്ടറിക്ക് പരാതി നൽകിയെന്ന ഇന്ത്യൻ എക്സ്പ്രസ് വാർത്ത പൊളിഞ്ഞു. പത്ര റിപ്പോർട്ട് ശുദ്ധനുണയാണെന്ന് തെളിയിക്കുന്ന രേഖകൾ ജനം ടിവിക്ക് ലഭിച്ചു
ഡെപ്യൂട്ടേഷനിൽ തെരഞ്ഞെടുപ്പ് കമ്മിഷനിലെത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ സഞ്ജയ് കുമാറിനെതിരെയാണ് രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാർ ക്യാബിനറ്റ് സെക്രട്ടറിക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സഞ്ജയ് കുമാറിനെ അദ്ദേഹത്തിന്റെ പേരന്റ് കേഡറിലേക്ക് തിരിച്ചയച്ചതിന്റെ ഉത്തരവും ജനം ടിവിക്ക് ലഭിച്ചു. ഓഗസ്റ്റ് 24ന് ക്യാബിനറ്റ് സെക്രട്ടറിയുടെ ഉത്തരവിനെ തുടർന്ന് സഞ്ജയ് കുമാറിനെ പേരന്റ് കേഡറിലേക്ക് തിരിച്ചുവിളിച്ചത്.
അതേസമയം, ഭരണഘടനാപരമായ വ്യവസ്ഥകൾ പ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ പരാതി ക്യാബിനറ്റ് സെക്രട്ടറിക്കല്ല രാഷ്‌ട്രപതിക്കാണ് കൈമാറേണ്ടത്. അതായത് സഞ്ജയ് കുമാറിനെതിരായ പരാതിയെ തുടർന്നുള്ള സാധാരണ നടപടിയെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ പരാതിയായി ഇന്ത്യൻ എക്സ്പ്രസ് അവതരിപ്പിച്ചതെന്ന് വ്യക്തമായി.