അമ്മയുടെ സ്നേഹവും നിസ്വാർത്ഥ സേവനവും ലോകത്തിന് മാതൃക: ഉപരാഷ്‌ട്രപതി

Published by
ജനം വെബ്‌ഡെസ്ക്

അമൃതപുരി: സ്നേഹത്തിന്റെയും നിസ്വാർത്ഥതയുടെയും സന്ദേശമാണ് മാതാ അമൃതാനന്ദമയി ദേവി ലോകത്തിന് നൽകുന്നതെന്ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ. സേവനമേഖലയിൽ അമ്മ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ലോകത്ത് സഹായം ആവശ്യമുള്ളിടത്തെല്ലാം അമ്മയുടെ കരങ്ങൾ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുനാമിയിലും വയനാട് ദുരന്തത്തിലുമെല്ലാം അമ്മയുടെ സേവനം രാജ്യം കണ്ടതായും ഉപരാഷ്‌ട്രപതി വ്യക്തമാക്കി. അമ്മയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അമൃതപുരിയിൽ സംഘടിപ്പിച്ച വിശ്വസേവാദിന പരിപാടിയിലാണ് ഉപരാഷ്‌ട്രപതിയുടെ വാക്കുകൾ.

സമൂഹത്തെ ധർമപാതയിലേക്ക് നയിക്കുന്ന മഹാഗുരുവാണ് അമ്മയെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. സേവനമാണ് പരമധർമമെന്ന സന്ദേശമാണ് അമ്മ നൽകുന്നത്. അതുതന്നെയാണ് സനാതനധർമവും പഠിപ്പിക്കുന്നതെന്നും ഗവർണർ വ്യക്തമാക്കി.

ദുഃഖമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്ന മാതാ അമൃതാനന്ദമയി ദേവി വിശ്വസ്നേഹത്തിന്റെ പ്രതീകമാണെന്ന് കേന്ദ്ര വ്യോമയാനമന്ത്രി രാം മോഹൻ നായിഡു പറഞ്ഞു. അമ്മയുടെ പിറന്നാൾ ആഘോഷം നിരവധി പേരുടെ ജീവിതത്തിൽ സന്തോഷവും പ്രകാശവും പകരുന്നു. ഒരു പിറന്നാൾ ദിനം വിശ്വസേവനദിനമായി മാറുന്നതാണ് അമൃതപുരിയിൽ കാണുന്നത്. നിസ്വാർത്ഥ സേവനത്തിന്റെ നേർസാക്ഷ്യമാണ് അമ്മയുടെ ജീവിതമെന്നും പുതിയ തലമുറ അത് മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാക്കുകളിലല്ല, പ്രവൃത്തിയിലാണ് കാര്യമെന്ന് വിശ്വസേവാദിനത്തിലൂടെ അമ്മ ബോധ്യപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. അമ്മ കാരുണ്യത്തിന്റെ മഹാസാഗരമാണ്. ആ കാരുണ്യം ലോകമെമ്പാടും പകരുന്ന കാഴ്ചയാണ് പിറന്നാൾ ദിനത്തിൽ കാണുന്നത്. സദ്ഭരണം കാഴ്ചവെക്കാൻ അമ്മ നൽകുന്ന പ്രേരണയും പ്രോത്സാഹനവും മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Share