തൃശൂർ: വെങ്കിടങ്ങിൽ ഓലമേഞ്ഞ തൊഴുത്തിന് തീപിടിച്ച് പശുക്കിടാവ് ചത്തു. അപ്പനാത്ത് സുരേന്ദ്രന്റെ വീട്ടിലെ പശുക്കുട്ടിയാണ് ചത്തത്. ഇന്നലെ രാത്രി ഉണ്ടായ തീപിടിത്തത്തിലാണ് അപകടം.
തൊഴുത്തിൽ നിന്ന് പെട്ടെന്ന് തീ പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പശുക്കിടാവ് സംഭവസ്ഥലത്തുവെച്ചുതന്നെ ചത്തതായി നാട്ടുകാർ പറഞ്ഞു. തൊഴുത്തിലുണ്ടായിരുന്ന മറ്റ് നാല് പശുക്കൾക്കും പൊള്ളലേറ്റിട്ടുണ്ട്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സുരേന്ദ്രനും മകനും ചേർന്ന് തീയണയ്‌ക്കാൻ ശ്രമിച്ചു.
ഇതിനിടെ ഇരുവർക്കും നേരിയ തോതിൽ പൊള്ളലേറ്റു. തുടർന്ന് ഗുരുവായൂർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തീ പൂർണമായി നിയന്ത്രണവിധേയമാക്കിയത്.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പരാതി ലഭിച്ചതിനെ തുടർന്ന് പാവറട്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.