തിരുവനന്തപുരം: കേരള തീരത്ത് കടലാക്രമണത്തിനും ‘കള്ളക്കടൽ’ പ്രതിഭാസത്തിനും സാധ്യത തുടരുന്നതിനാൽ തീരദേശ ജില്ലകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്ച രാവിലെ 10.30 വരെ ഒന്നരമീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും തീരശോഷണത്തിനും സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത വേണം.
അപകടസാധ്യതയുള്ള തീരദേശ മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം. എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രമായ INCOIS റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലുമായി ബന്ധപ്പെട്ട വിനോദപ്രവർത്തനങ്ങളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
അതേസമയം, വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെയുള്ള മഴയ്‌ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.
ജാഗ്രത വേണ്ട തീരമേഖലകൾ
തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ
കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ
കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ
കാസർഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലിറക്കരുത്
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം. ‘കള്ളക്കടൽ’ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുള്ള സമയത്ത് മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതുപോലെ തന്നെ അവ കരയിലേക്ക് അടുപ്പിക്കുന്നതും അപകടകരമാണ്. അതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ യാനങ്ങൾ കടലിലിറക്കുന്നതും കരയ്‌ക്കടുപ്പിക്കുന്നതും ഒഴിവാക്കണം.
മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടണം. വള്ളങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കുകയും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. ഇതിലൂടെ യാനങ്ങൾ കൂട്ടിയിടിച്ചുണ്ടാകാവുന്ന അപകടങ്ങളും ഒഴിവാക്കാം.
INCOIS റെഡ് അലർട്ട് പിൻവലിക്കുന്നതുവരെ ബീച്ചുകളിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണം. തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും സന്ദർശകരും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.















