തിരുച്ചിറപ്പള്ളി: കടം നൽകിയ പണം തിരികെ ചോദിച്ചതിനെച്ചൊല്ലിയ തർക്കത്തിനിടെ സ്വകാര്യ പോളിടെക്നിക് കോളജ് അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. തിരുച്ചിറപ്പള്ളി തുറൈയൂരിനടുത്ത് കീരംപുരം സ്വദേശിനി സുകന്യ (36) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം പാലത്തിനടിയിൽ അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
തുറൈയൂരിനടുത്തുള്ള കാളിപ്പെട്ടിയിലെ സ്വകാര്യ പോളിടെക്നിക് കോളജിൽ പ്രൊഫസറായി ജോലി ചെയ്തുവരികയായിരുന്നു സുകന്യ. ഭർത്താവുമായി വേർപിരിഞ്ഞ് ഒറ്റയ്‌ക്കാണ് താമസിച്ചിരുന്നത്. ഇവർ അധ്യാപനത്തിന് പുറമെ വായ്പ നൽകുകയും ലോട്ടറി വ്യാപാരം നടത്തുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ട്.
വീട്ടിലെത്തിയതിന് പിന്നാലെ തർക്കം
തുറൈയൂർ കണ്ണനൂർ സമതുവപുരം സ്വദേശികളായ സുമതിയും ഭർത്താവ് ദുരൈരാജും സുകന്യയിൽനിന്ന് പണം കടം വാങ്ങിയിരുന്നതായാണ് പൊലീസ് പറയുന്നത്. സെപ്റ്റംബർ 20ന് കടം നൽകിയ പണവും ചൂതാട്ടത്തിനായി നൽകിയ പണവും തിരികെ വാങ്ങുന്നതിനായി സുകന്യ ഇവരുടെ വീട്ടിലെത്തി.
ഇവിടെവച്ച് സുകന്യയും ദമ്പതികളും തമ്മിൽ തർക്കമുണ്ടായെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്ന് ദമ്പതികൾ സുകന്യയെ ഇരുമ്പുവടി ഉപയോഗിച്ച് ആക്രമിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തെന്നാണ് ആരോപണം. കൊലപാതകത്തിന് ശേഷം മൃതദേഹം കാരട്ടാംപട്ടിക്ക് സമീപത്തെ പാലത്തിനടിയിൽ ഉപേക്ഷിച്ചതായും പൊലീസ് പറയുന്നു.
പാലത്തിനടിയിൽ അഴുകിയ മൃതദേഹം
സുകന്യ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് മനോഹരൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ സെപ്റ്റംബർ 24ന് കാരട്ടാംപട്ടി പാലത്തിനടിയിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പുലിവാലം പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പാലത്തിനടിയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് സുകന്യയുടെ മരണവുമായി ബന്ധപ്പെട്ട് സുമതിയെയും ദുരൈരാജിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് പിന്നാലെ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു .
എസ്‌ഐക്കെതിരെയും നടപടി
അതേസമയം, സുകന്യയെ കാണാതായ വിവരം അറിയിക്കാനെത്തിയപ്പോൾ പൊലീസ് സ്റ്റേഷനിൽനിന്ന് മതിയായ നടപടി സ്വീകരിച്ചില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സുകന്യയുടെ പിതാവ് തുറൈയൂർ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ അതിർത്തി സംബന്ധമായ കാര്യം ചൂണ്ടിക്കാട്ടി പരാതി സ്വീകരിക്കുന്നതിൽ എസ്‌ഐ ദിനേശ് വീഴ്ച വരുത്തിയെന്നാണ് ആരോപണം.
സമയബന്ധിതമായി നടപടി സ്വീകരിച്ചിരുന്നെങ്കിൽ സുകന്യയെ രക്ഷിക്കാനാകുമായിരുന്നുവെന്ന വിമർശനവും ഉയർന്നു. ഇതിന്റെ പശ്ചാത്തലത്തിൽ എസ്‌ഐ ദിനേശിനെ സായുധ സേനയിലേക്ക് മാറ്റാൻ തിരുച്ചിറപ്പള്ളി ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി.