ഹാങ്ചൗവില്‍ ഉഷയ്‌ക്കൊപ്പം, നഗോയയില്‍ ഉഷയെ മറികടന്നു; 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിത്യ രാംരാജ്; അന്ന് ചോദ്യം ചെയ്തവര്‍ ഇന്ന് കൈയടിക്കുന്നു; ഇത് ചരിത്ര നേട്ടം

Published by
ജനം വെബ്‌ഡെസ്ക്

നഗോയ: ഒരുകാലത്ത് മക്കളെ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലേക്ക് അയച്ചതെന്തിനെന്ന് മാതാപിതാക്കളോട് ചോദിച്ചവര്‍… ഇന്ന് അതേ പെണ്‍കുട്ടികളുടെ നേട്ടത്തില്‍ അഭിമാനിക്കുന്നു. കോയമ്പത്തൂരിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്ന് ഇന്ത്യയുടെ അത്ലറ്റിക്‌സ് വേദിയിലെ ശ്രദ്ധേയ താരമായി വളര്‍ന്ന വിത്യ രാംരാജിന്റെ കഥ, ട്രാക്കിലെ വിജയത്തിനപ്പുറം ഉറച്ച മനസിന്റെ കൂടി കഥയാണ്. അയ്ചി-നഗോയ ഏഷ്യന്‍ ഗെയിംസിലെ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 54.75 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വിത്യ ചരിത്രം കുറിച്ചപ്പോള്‍ തകര്‍ന്നത് 42 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോര്‍ഡായിരുന്നു. ഇന്ത്യയുടെ ഇതിഹാസ താരം പി.ടി. ഉഷ 1984ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സില്‍ കുറിച്ച 55.42 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് വിത്യ മറികടന്നത്. റെക്കോര്‍ഡ് തകര്‍ത്തതിനു പുറമേ ഫൈനലില്‍ വെങ്കല മെഡലും സ്വന്തമാക്കി. ഒരു താരത്തിന്റെ കരിയറിലെ നിര്‍ണായക വഴിത്തിരിവായി മാറുന്ന പ്രകടനമായിരുന്നു അത്.

കോയമ്പത്തൂരിലെ സാധാരണ കുടുംബത്തിലായിരുന്നു വിത്യയുടെയും ഇരട്ടസഹോദരി നിത്യയുടെയും വളര്‍ച്ച. അച്ഛന്‍ രാംരാജ് ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു. അമ്മ മീന വീട്ടമ്മയും. കുടുംബത്തിന്റെ സാമ്പത്തിക പരിമിതികള്‍ക്കിടയിലും മക്കളിലെ കഴിവ് തിരിച്ചറിഞ്ഞ അമ്മ അവരെ കായികരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇരുവരെയും ഈറോഡിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ ചേര്‍ത്തു. ആദ്യകാലത്ത് ഹോക്കിയായിരുന്നു ഇരുവരുടെയും ഇഷ്ടവേദി. എന്നാല്‍ വിത്യയുടെ വേഗം പരിശീലകരുടെ ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് അത്ലറ്റിക്‌സിലേക്ക് തിരിഞ്ഞു. സ്പ്രിന്റിലും ഹര്‍ഡില്‍സിലും വിത്യ തന്റെ വഴിയുണ്ടാക്കിത്തുടങ്ങി. പിന്നീട് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ കോയമ്പത്തൂരിലെ കോംഗു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്ന് ബിബിഎയും പൂര്‍ത്തിയാക്കി. ഇന്ത്യന്‍ റെയില്‍വേസില്‍ ജോലി ലഭിച്ചതോടെ കായികജീവിതത്തിനൊപ്പം സ്ഥിരതയുള്ള കരിയറിനും വഴിയൊരുങ്ങി.

ദേശീയ ക്യാമ്പിലേക്ക് 2018ല്‍ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും തുടക്കം എളുപ്പമായിരുന്നില്ല. ഭാഷാപരമായ ബുദ്ധിമുട്ടുകള്‍ക്കൊപ്പം ആരോഗ്യപ്രശ്‌നങ്ങളും നേരിട്ടു. അപ്പന്‍ഡിസൈറ്റിസ് ശസ്ത്രക്രിയയെ തുടര്‍ന്ന് പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. ഒളിമ്പിക് ട്രയല്‍സിന് മുന്നോടിയായി വന്ന ഈ തിരിച്ചടി കരിയറിനെ തന്നെ ചോദ്യം ചെയ്യുന്ന ഘട്ടമായി. കായികരംഗം ഉപേക്ഷിച്ച് മറ്റൊരു ജോലി തിരഞ്ഞെടുക്കണമെന്ന കുടുംബ സമ്മര്‍ദവും ഉണ്ടായി. പക്ഷേ വിത്യ ട്രാക്ക് വിട്ടില്ല. തുടക്കത്തില്‍ 100, 200, 400 മീറ്റര്‍ ഫ്‌ലാറ്റ് റേസുകളിലായിരുന്നു കൂടുതല്‍ ശ്രദ്ധ. പിന്നീട് സഹോദരി നിത്യയ്‌ക്കൊപ്പം പരിശീലിക്കാനായി ചെന്നൈയിലെത്തി. അവിടെയാണ് കോച്ച് നേഹ്പാല്‍ സിംഗ് റാത്തോഡ് വിത്യയിലെ മറ്റൊരു സാധ്യത തിരിച്ചറിഞ്ഞത്.

ഓട്ടത്തിലെ റിഥവും ഹര്‍ഡില്‍സ് മറികടക്കാനുള്ള കഴിവും കണക്കിലെടുത്ത് 400 മീറ്റര്‍ ഹര്‍ഡില്‍സിലേക്ക് മാറാന്‍ നിര്‍ദേശിച്ചു. ആ തീരുമാനം വിത്യയുടെ കരിയറിന്റെ ഗതി തന്നെ മാറ്റി. 2023ലെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലാണ് വിത്യയുടെ പേര് അന്താരാഷ്‌ട്ര വേദിയില്‍ കൂടുതല്‍ ശ്രദ്ധ നേടിയത്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഹീറ്റ്‌സില്‍ 55.42 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് പി.ടി. ഉഷയുടെ റെക്കോര്‍ഡിനൊപ്പമെത്തി. അന്ന് വ്യക്തിഗത ഇനത്തില്‍ വെങ്കലവും റിലേയില്‍ രണ്ട് വെള്ളിയും ഉള്‍പ്പെടെ മൂന്ന് മെഡലുകളാണ് വിത്യ നേടിയത്. പിന്നീട് പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ വനിതാ 4ഃ400 മീറ്റര്‍ റിലേ ടീമിലും ഇടം നേടി.

പരിക്കുകളും തിരിച്ചടികളും വന്നപ്പോഴും വീണ്ടും ട്രാക്കിലേക്ക് മടങ്ങി. 2025ലെ ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും വെങ്കലം നേടി. അങ്ങനെ ഓരോ മത്സരവും വിത്യയുടെ യാത്രയിലെ മറ്റൊരു പടിയായി മാറി. ഹാങ്ചൗവില്‍ ഉഷയുടെ റെക്കോര്‍ഡിനൊപ്പമെത്തിയ വിത്യയ്‌ക്ക് മുന്നില്‍ പിന്നീട് ഒരു ലക്ഷ്യം മാത്രമായിരുന്നുഅത് മറികടക്കുക. നഗോയയില്‍ ഫൈനല്‍ തുടങ്ങിയപ്പോള്‍ അതിന് മറുപടി നല്‍കാനുള്ള സമയമായിരുന്നു. ഒരു ഓട്ടത്തില്‍ 0.67 സെക്കന്‍ഡ് കുറച്ചത് മാത്രമല്ല, 42 വര്‍ഷമായി നിലനിന്നിരുന്ന ഒരു ദേശീയ റെക്കോര്‍ഡാണ് വിത്യ സ്വന്തമാക്കിയത്. ഫിനിഷിങ് ലൈനിന് അപ്പുറം കാത്തിരുന്നത് വെങ്കല മെഡലും.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

എന്നാല്‍ ആ മെഡലിനേക്കാള്‍ വലിയൊരു നേട്ടം അന്നത്തെ ഓട്ടം വിത്യയുടെ പേരില്‍ കുറിച്ചുഇന്ത്യന്‍ വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സിലെ പുതിയ ദേശീയ റെക്കോര്‍ഡ്. അതേ ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് 4ഃ400 മീറ്റര്‍ റിലേയിലും വെള്ളി നേടിയതോടെ മെഡല്‍ നേട്ടത്തിന് മറ്റൊരു പൊന്‍തൂവല്‍ കൂടി. വിത്യയുടെ കഥയില്‍ നിത്യയെയും മാറ്റിനിര്‍ത്താനാകില്ല. ഒരേ കുടുംബത്തില്‍, ഒരേ കാലത്ത് വളര്‍ന്ന ഇരട്ടസഹോദരിമാര്‍ ഇന്ന് ഇന്ത്യന്‍ അത്ലറ്റിക്‌സിലെ ശ്രദ്ധേയ പേരുകളാണ്. വിത്യ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മികവ് തെളിയിക്കുമ്പോള്‍ നിത്യ 100 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരുമിച്ച് തുടങ്ങിയ യാത്ര രണ്ട് വ്യത്യസ്ത ട്രാക്കുകളിലൂടെയാണെങ്കിലും ലക്ഷ്യം ഒന്നുതന്നെഇന്ത്യന്‍ അത്ലറ്റിക്‌സില്‍ സ്വന്തം അടയാളം പതിപ്പിക്കുക.

തങ്ങളുടെ പരിശീലനത്തിനായി മക്കളെ അയച്ചതിനെ ഒരുകാലത്ത് ചോദ്യം ചെയ്തിരുന്ന നാട്ടുകാര്‍ ഇന്ന് അതേ നേട്ടത്തില്‍ സന്തോഷിക്കുന്നുവെന്ന വിത്യയുടെ വാക്കുകളില്‍ ഈ യാത്രയുടെ മുഴുവന്‍ കഥയുണ്ട്. ഒരു സാധാരണ കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികള്‍ക്ക് ട്രാക്കില്‍ സ്വപ്‌നം കാണാന്‍ കഴിയുമോ എന്ന ചോദ്യത്തിന്, വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെയും തിരിച്ചടികളെ മറികടന്നും വിത്യയും നിത്യയും നല്‍കിയ മറുപടിയാണ് അവരുടെ ഇന്നത്തെ ജീവിതം. പി.ടി. ഉഷയുടെ റെക്കോര്‍ഡ് തകര്‍ന്നത് ഒരു കണക്കിന്റെ മാറ്റം മാത്രമല്ല. ഒരു തലമുറയുടെ ഇതിഹാസത്തിനുശേഷം മറ്റൊരു തലമുറയുടെ പേര് ദേശീയ റെക്കോര്‍ഡ് ബുക്കില്‍ എഴുതിച്ചേര്‍ത്ത നിമിഷം കൂടിയാണത്. കോയമ്പൂരിലെ ട്രക്കിന്റെ ശബ്ദത്തിനിടയില്‍ വളര്‍ന്ന പെണ്‍കുട്ടിയില്‍ നിന്ന് ഇന്ത്യന്‍ ട്രാക്കിലെ റെക്കോര്‍ഡ് താരത്തിലേക്കുള്ള വിത്യയുടെ ഓട്ടം ഇപ്പോഴും തുടരുകയാണ്.

Share