ന്യൂഡൽഹി: ഭീകരതയുടെ എല്ലാ രൂപങ്ങൾക്കുമെതിരെ കേന്ദ്രസർക്കാർ ‘സീറോ ടോളറൻസ്’ നയമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭീകരവിരുദ്ധ നടപടികൾ ശക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ ‘PRAHAAR – National CT Policy and Strategy’ സംബന്ധിച്ച ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് രാജ്യത്തെ മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി PRAHAAR തന്ത്രത്തിന്റെ ഏഴ് പ്രധാന തൂണുകളെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്തു.
ഭീകരപ്രവർത്തനം തടയൽ, അടിയന്തര പ്രതികരണം, ആഭ്യന്തര ശേഷികൾ ഏകോപിപ്പിക്കൽ, മനുഷ്യാവകാശ സംരക്ഷണം, ഭീകരവാദത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഇല്ലാതാക്കൽ, അന്താരാഷ്‌ട്ര സഹകരണം, പുനരധിവാസവും പ്രതിരോധശേഷി വർധിപ്പിക്കലുമാണ് PRAHAAR തന്ത്രത്തിന്റെ ഏഴ് പ്രധാന ഘടകങ്ങൾ. 2019 മുതൽ 2026 വരെ വിവിധ രാജ്യങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 288 പിടികിട്ടാപ്പുള്ളികളെ 36 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാൻ കഴിഞ്ഞതായി അമിത് ഷാ പറഞ്ഞു.
വിവിധ അന്വേഷണ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തമായതോടെ അതിർത്തി കടന്നുള്ള ആയുധം, സ്‌ഫോടക വസ്തുക്കൾ, മയക്കുമരുന്ന് കടത്ത് എന്നിവയുമായി ബന്ധപ്പെട്ട ഷഹ്‌സാദ് ഭട്ടി ശൃംഖലയുടെ 40ലധികം മൊഡ്യൂളുകൾ തകർത്തതായും അദ്ദേഹം വ്യക്തമാക്കി. 15 സംസ്ഥാനങ്ങളിലായി നൂറിലധികം എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 350 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അമിത് ഷാ പറഞ്ഞു. ഷഹ്‌സാദ് ഭട്ടി ശൃംഖലയെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമമായ UAPA പ്രകാരം ഭീകരസംഘടനയായി പ്രഖ്യാപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഭീകരാക്രമണങ്ങൾ നിരന്തരം വിശകലനം ചെയ്ത് PRAHAAR തന്ത്രം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് അമിത് ഷാ പറഞ്ഞു. അടുത്ത പത്ത് വർഷത്തേക്ക് ശക്തവും കൃത്യവുമായ ഭീകരവിരുദ്ധ സംവിധാനം രൂപപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. PRAHAAR തന്ത്രത്തിന്റെ പ്രവർത്തനങ്ങൾ പൊലീസ് സ്റ്റേഷൻ തലത്തിലേക്ക് വരെ എത്തിക്കണം. ഓരോ ഘട്ടത്തിലും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രോആക്ടീവ് സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരവിരുദ്ധ സംവിധാനത്തിലെ എല്ലാ തലങ്ങളിലും സ്വയമേവ പ്രവർത്തിക്കുന്ന തരത്തിലുള്ള പ്രതികരണ സംവിധാനം സ്ഥാപിക്കണമെന്നും അമിത് ഷാ പറഞ്ഞു. വിവിധ ഏജൻസികളും ബന്ധപ്പെട്ട സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനത്തിലൂടെ നടപടികളിലെ കാലതാമസം ഒഴിവാക്കണമെന്നും ഓരോ നടപടിയും ഫലപ്രദമായ ഫലത്തിലേക്ക് എത്തണമെന്നും അദ്ദേഹം നിർദേശിച്ചു.