ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് നീരു ധണ്ഡ; ട്രാപ്പില്‍ ഇന്ത്യയ്‌ക്ക് ആദ്യ വനിതാ സ്വര്‍ണം; ഏഷ്യന്‍ റെക്കോര്‍ഡും സ്വന്തം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: 2026 ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ നീരു ധണ്ഡ. വനിതകളുടെ വ്യക്തിഗത ട്രാപ്പ് ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കി 26കാരിയായ താരം. 28 പോയിന്റോടെയാണ് നീരു ഒന്നാമതെത്തിയത്. ഇതോടെ ഇന്ത്യയ്‌ക്കായി ഈ ഇനത്തില്‍ വ്യക്തിഗത സ്വര്‍ണം നേടുന്ന ആദ്യ വനിതാ താരമെന്ന നേട്ടവും ഹരിയാന സ്വദേശിയായ നീരു സ്വന്തമാക്കി. നീരുവിന്റെ 28 പോയിന്റ് പുതിയ ഏഷ്യന്‍ റെക്കോര്‍ഡ് കൂടിയാണ്. ഈ വര്‍ഷം ജനുവരിയില്‍ ലിയു വാന്‍-യു കുറിച്ച 24 പോയിന്റിന്റെ റെക്കോര്‍ഡാണ് ഇന്ത്യന്‍ താരം മറികടന്നത്.

ഫൈനലില്‍ തുടക്കം മുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ നീരു അവസാന പത്ത് ഷോട്ടുകളില്‍ ഒന്നില്‍ മാത്രമാണ് ലക്ഷ്യം തെറ്റിച്ചത്. ഇതോടെ നിലവിലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ അഞ്ചാം സ്വര്‍ണമെഡലും ഷൂട്ടിങ്ങിലെ നേട്ടവും വര്‍ധിച്ചു. ഏഷ്യന്‍ ഗെയിംസിലെ ട്രാപ്പ് ഇനത്തില്‍ നേരത്തെ അഞ്ച് ഇന്ത്യന്‍ പുരുഷ താരങ്ങള്‍ മെഡല്‍ നേടിയിരുന്നു. 1978ല്‍ രണ്‍ധീര്‍ സിംഗ് സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യയ്‌ക്ക് ഇതുവരെ ഈ ഇനത്തില്‍ ഒരു മെഡല്‍ പോലും നേടാനായിരുന്നില്ല. ആ ചരിത്രമാണ് നീരു തിരുത്തിയത്.

വനിതാ ട്രാപ്പിന്റെ യോഗ്യതാ റൗണ്ടിലും നീരുവായിരുന്നു മുന്നില്‍. 118 ഹിറ്റുകളോടെയാണ് താരം ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യയുടെ തന്നെ ആശിമ അഹ്ലാവത് 106 ഹിറ്റുകളോടെ 16-ാം സ്ഥാനത്തും മനീഷ കീര്‍ 104 ഹിറ്റുകളോടെ 23-ാം സ്ഥാനത്തുമെത്തി. മൂവരുടെയും പ്രകടനം ഇന്ത്യയ്‌ക്ക് വനിതാ ട്രാപ്പ് ടീം ഇനത്തില്‍ വെള്ളിമെഡല്‍ നേടിക്കൊടുക്കുകയും ചെയ്തു. വ്യക്തിഗത സ്വര്‍ണവും ടീം വെള്ളിയും സ്വന്തമാക്കിയതോടെ 2026 ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഷൂട്ടിങ് മെഡല്‍ നേട്ടം 14 ആയി.

ട്രാപ്പ് ഇനത്തില്‍ മികവ് തെളിയിച്ചിട്ടുള്ള താരമാണ് നീരു ധണ്ഡ. 2022ല്‍ ഒസിയേക്കില്‍ നടന്ന ISSF ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് താരം ആദ്യമായി അന്താരാഷ്‌ട്ര ശ്രദ്ധ നേടിയത്. പിന്നീട് ISSF സര്‍ക്യൂട്ടിലെ സ്ഥിരം ഫൈനലിസ്റ്റായി നീരു മാറി. 2026ല്‍ ഇറ്റലിയിലെ ലോണാറ്റോയില്‍ നടന്ന ISSF ഷോട്ട്ഗണ്‍ ലോകകപ്പില്‍ വനിതാ ട്രാപ്പില്‍ വ്യക്തിഗത സ്വര്‍ണം നേടിയതും നീരുവിന്റെ കരിയറിലെ നിര്‍ണായക നേട്ടമായിരുന്നു. ISSF ലോകകപ്പിലെ താരത്തിന്റെ ആദ്യ വ്യക്തിഗത മെഡലായിരുന്നു ഇത്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ നടന്ന ISSF ലോകകപ്പില്‍ ട്രാപ്പ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലവും നീരു സ്വന്തമാക്കിയിട്ടുണ്ട്. 2025ലെ ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ട്രാപ്പില്‍ സ്വര്‍ണം നേടിയതും താരത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്.

Share