ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്‍ ഡ്രോണ്‍ വേട്ട. ഹോങ്കോങ്ങില്‍ നിന്ന് വിയറ്റ്‌നാം വഴി ഡല്‍ഹിയിലെത്തിയ മൂന്ന് ഇന്ത്യന്‍ യാത്രക്കാരുടെ ബാഗേജില്‍ നിന്ന് 1.03 കോടി രൂപ വിലമതിക്കുന്ന ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും കസ്റ്റംസ് പിടികൂടി.
സെപ്റ്റംബര്‍ 25ന് ഐജിഐ വിമാനത്താവളത്തിലെ ടെര്‍മിനല്‍-3ല്‍ നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ ഡ്രോണ്‍ ഉപകരണങ്ങള്‍ കണ്ടെത്തിയത്. 10 Autel Robotics MDX-1 ഡ്രോണുകള്‍, 11 റിമോട്ട് കണ്‍ട്രോളറുകള്‍, 10 AC/DC അഡാപ്റ്ററുകള്‍, 10 USB ചാര്‍ജറുകള്‍, 20 ഡാറ്റ കേബിളുകള്‍, 60 പ്രൊപ്പല്ലറുകള്‍, ക്യാമറ ഘടിപ്പിച്ച 10 ഗിംബലുകള്‍ എന്നിവയാണ് പിടികൂടിയത്. ഇതിന് പുറമെ 512 GB സ്റ്റോറേജുള്ള iPhone 18 Pro Max-ഉം കസ്റ്റംസ് പിടിച്ചെടുത്തു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
കസ്റ്റംസ് നിയോഗിച്ച ചാര്‍ട്ടേഡ് എന്‍ജിനീയര്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയ ഡ്രോണുകള്‍ പ്രൊഫഷണല്‍, പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിഭാഗത്തിലുള്ള UAV-കളാണെന്ന് കണ്ടെത്തി. തെര്‍മല്‍ ഇമേജിംഗ്, ലേസര്‍ റേഞ്ച് ഫൈന്‍ഡര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഡ്രോണുകളില്‍ ഉള്ളതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ വിഭാഗത്തില്‍പ്പെട്ട ഓരോ ഡ്രോണിനും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
പിടികൂടിയ ഡ്രോണുകള്‍, അനുബന്ധ ഉപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ആകെ വിപണി മൂല്യം 1,03,55,900 രൂപ വരും. കസ്റ്റംസ് ആക്ടിലെ 110(1) വകുപ്പ് പ്രകാരമാണ് സാധനങ്ങള്‍ പിടിച്ചെടുത്തത്. ചോദ്യം ചെയ്യലില്‍, ഒരു സുഹൃത്തിന് വേണ്ടിയാണ് ഹോങ്കോങ്ങില്‍ നിന്ന് ഡ്രോണുകള്‍ കൊണ്ടുവന്നതെന്നും ഇന്ത്യയിലെത്തിച്ചപ്പോള്‍ ഇവ കസ്റ്റംസില്‍ പ്രഖ്യാപിച്ചിരുന്നില്ലെന്നും യാത്രക്കാര്‍ മൊഴി നല്‍കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.