നാടന്‍ താളത്തിന് ദേശീയ അംഗീകാരം; ജാര്‍ഖണ്ഡിന്റെ പരമ്പരാഗത വാദ്യം ‘മാന്ദറിന്’ ജിഐ ടാഗ്

Published by
ജനം വെബ്‌ഡെസ്ക്

റാഞ്ചി: ജാര്‍ഖണ്ഡിന്റെ നാടന്‍ സംഗീത പാരമ്പര്യത്തിന് തിളക്കമേകി പരമ്പരാഗത വാദ്യമായ ‘മാന്ദറിന്’ (Mandar) ഭൗമപദവി (GI Tag). ചെന്നൈ ആസ്ഥാനമായുള്ള ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് രജിസ്ട്രിയാണ് ജാര്‍ഖണ്ഡിന്റെ തനത് വാദ്യത്തിന് ജിഐ അംഗീകാരം നല്‍കിയത്. ജാര്‍ഖണ്ഡിന്റെ നാടന്‍ പാരമ്പര്യങ്ങളുടെയും നൃത്തങ്ങളുടെയും ഗോത്രവര്‍ഗ സമൂഹജീവിതത്തിന്റെയും അവിഭാജ്യ ഘടകമാണ് മാന്ദര്‍. പ്രാദേശികമായി ലഭിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മാണരീതി, പ്രത്യേക ശബ്ദഗുണം, ജാര്‍ഖണ്ഡിന്റെ സംസ്‌കാരവുമായുള്ള ആഴത്തിലുള്ള ബന്ധം എന്നിവ പരിഗണിച്ചാണ് ജിഐ പദവി നല്‍കിയത്.

റാഞ്ചിയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് ഇന്‍ ലോ (NUSRL)യിലെ ബൗദ്ധിക സ്വത്തവകാശ വിദഗ്ധന്‍ ഡോ. സത്യദീപ് സിംഗാണ് മാന്ദറിന് ജിഐ പദവി ലഭിക്കുന്നതിനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.
2021ല്‍ അപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെ നടപടിക്രമങ്ങള്‍ ഏകോപിപ്പിച്ച അദ്ദേഹം 2025 ജനുവരിയില്‍ ഡല്‍ഹിയില്‍ നടന്ന അന്തിമ വാദത്തിലും മാന്ദറിന് വേണ്ടി ഹാജരായി. ജാര്‍ഖണ്ഡുമായുള്ള മാന്ദറിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധം തെളിയിക്കുന്ന നിരവധി ചരിത്രരേഖകളും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചിരുന്നു.

പ്രമുഖ നരവംശശാസ്ത്രജ്ഞന്‍ ശരത് ചന്ദ്ര റോയിയുടെ 1915ലെ കൃതി, താരാ ചന്ദ്ര ദാസിന്റെ 1931ലെ പഠനങ്ങള്‍, ഡബ്ല്യു.ജി. ആര്‍ച്ചറുടെ 1940ലെ ‘ദി ബ്ലൂ ഗ്രോവ്’ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പട്‌ന മ്യൂസിയത്തിന്റെ 1920ലെ വാര്‍ഷിക റിപ്പോര്‍ട്ട്, കേന്ദ്ര സര്‍ക്കാരിന്റെ 1956ലെ ‘ഫോക്ക് ഡാന്‍സസ് ഓഫ് ഇന്ത്യ’, ബിഹാര്‍ ഡിസ്ട്രിക്ട് ഗസറ്റിയര്‍ (റാഞ്ചി) തുടങ്ങിയ രേഖകളും തെളിവുകളായി ഹാജരാക്കി. ചോട്ടാനാഗ്പൂര്‍ മേഖലയിലെ ഒറോണ്‍ ഗോത്രവിഭാഗത്തിന്റെ ജീവിതരീതിയും നൃത്തങ്ങളും പഠിച്ച ഡബ്ല്യു.ജി. ആര്‍ച്ചര്‍ തന്റെ കൃതികളില്‍ മാന്ദറിനെക്കുറിച്ച് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ജാര്‍ഖണ്ഡിന്റെ സാംസ്‌കാരിക പൈതൃകത്തിന് മറ്റൊരു അംഗീകാരം
ജാര്‍ഖണ്ഡിന് ആദ്യമായി ജിഐ ടാഗ് ലഭിച്ച സോഹ്‌റായ്-ഖോവര്‍ ചിത്രകലയ്‌ക്കും കൊഡര്‍മയുടെ കേസരിയ കലാകന്ദിനും ജിഐ അംഗീകാരം നേടിക്കൊടുക്കുന്നതിലും ഡോ. സത്യദീപ് സിംഗ് നിര്‍ണായക പങ്കുവഹിച്ചിരുന്നു.
2021ല്‍ ആരംഭിച്ച നടപടികള്‍ക്ക് ഒടുവിലാണ് മാന്ദറിനും ജിഐ പദവി ലഭിച്ചത്. ഇതോടെ ജാര്‍ഖണ്ഡിന്റെ തനത് കലാ-സാംസ്‌കാരിക പൈതൃകത്തിന് മറ്റൊരു ദേശീയ അംഗീകാരം കൂടി ലഭിച്ചു.

Share