ലഹരി മാഫിയയും ഗുണ്ടകളും ഇനി നിരീക്ഷണത്തില്‍; സംസ്ഥാനത്ത് മുക്കിലും മൂലയിലും സി.സി.ടി.വി സ്ഥാപിക്കാന്‍ പോലീസ്

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂര്‍: ലഹരി മാഫിയകളെയും ഗുണ്ടകളെയും സാമൂഹികവിരുദ്ധരെയും വേഗത്തില്‍ പിടികൂടുന്നതിനായി സംസ്ഥാനത്ത് സി.സി.ടി.വി നിരീക്ഷണം ശക്തമാക്കാന്‍ പോലീസ്. പൊതുജനങ്ങളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ മുക്കിലും മൂലയിലും ക്യാമറകള്‍ സ്ഥാപിക്കാനാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. തൂഫാന്‍ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശം ജില്ലാ പോലീസ് മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഗുണ്ടാ ആക്രമണം, കവര്‍ച്ച തുടങ്ങി വിവിധ കുറ്റകൃത്യങ്ങള്‍ നടന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമാകുന്നത് പ്രതികളെ വേഗത്തില്‍ തിരിച്ചറിയാനും നിയമത്തിന് മുന്നിലെത്തിക്കാനും സഹായിക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണത്തിനും ക്യാമറകള്‍ സഹായകരമാകും. ഓരോ ജില്ലയിലും കുറഞ്ഞത് 5000 സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനാണ് പോലീസിന്റെ ആലോചന. ജനമൈത്രി പോലീസ് ഉദ്യോഗസ്ഥര്‍ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി പദ്ധതിയുടെ ആവശ്യകത സംബന്ധിച്ച് ബോധവത്കരണം നടത്തും. വീടുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍, ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, സ്‌കൂളുകള്‍, പ്രധാന റോഡുകള്‍, വിവിധ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുക. പൊതുജനങ്ങള്‍ക്കും പോലീസിനും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തില്‍ ക്യാമറകളില്‍ കുറഞ്ഞത് ഒരെണ്ണമെങ്കിലും റോഡിലേക്ക് ദൃശ്യമാകുന്ന രീതിയില്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

പൊതു ഇടങ്ങളില്‍ മുന്‍പ് സ്ഥാപിച്ചിരുന്ന പല ക്യാമറകളും കൃത്യമായ പരിചരണവും അറ്റകുറ്റപ്പണിയും ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനരഹിതമായിരുന്നു. പുതിയ പദ്ധതിയില്‍ ക്യാമറകളുടെ പ്രവര്‍ത്തനവും പരിപാലനവും ഉറപ്പാക്കുന്നതിനും പ്രാധാന്യം നല്‍കും.

Share