കുടിവെള്ളം മുതല്‍ ഡിജിറ്റല്‍ പാര്‍ക്കിങ് സംവിധാനം വരെ; ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി. തീര്‍ഥാടകരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ ബന്ധപ്പെട്ട അധികാരികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ശബരിമലയില്‍ ഭസ്മം, സിന്ദൂരം, ചന്ദനം എന്നിവ പ്രയോഗിക്കുന്നതിന് തീര്‍ഥാടകരില്‍ നിന്ന് 10 രൂപ ഫീസ് ഈടാക്കാനുള്ള അവകാശം സംബന്ധിച്ച് അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി മനോജ് എസ്. നായര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. വി. സജിത്ത്കുമാര്‍ ഹാജരായി. ശബരിമലയില്‍ ഫീസ് ഈടാക്കുന്ന പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യത്തിന് പുറമെ സുരക്ഷിതമായ കുടിവെള്ളം, മൂത്രപ്പുരകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്ന് ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ അതിനനുസരിച്ചുള്ള അധിക സൗകര്യങ്ങളും ഒരുക്കണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥയെന്നും കോടതി വ്യക്തമാക്കി.

പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ സിസിടിവി നിരീക്ഷണം, റേഡിയോ ഫ്രീക്വന്‍സി ടാഗുകള്‍, ഓട്ടോമേറ്റഡ് ബൂം ബാരിയറുകള്‍, ഡിജിറ്റല്‍ പാസ് കോഡുകള്‍, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ ക്യാമറകള്‍ എന്നിവ ഉപയോഗിച്ചുള്ള വാഹന പ്രവേശന സംവിധാനം ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ലെവല്‍ 2 അല്ലെങ്കില്‍ ലെവല്‍ 3 ഡിസി ഫാസ്റ്റ് ചാര്‍ജിങ് പോയിന്റുകളും സജ്ജീകരിക്കണം. ഒഴിവുള്ള പാര്‍ക്കിങ് സ്ഥലങ്ങള്‍ തത്സമയം അറിയിക്കുന്ന ഡിജിറ്റല്‍ ബോര്‍ഡുകളും ഓരോ പാര്‍ക്കിങ് സ്ഥലത്തും പ്രത്യേകം ലൈറ്റുകളും വേണമെന്നും കോടതി നിര്‍ദേശിച്ചു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

കഠിനമായ വെയിലിലും മഴയിലും വാഹനങ്ങളെ സംരക്ഷിക്കുന്നതിനായി മേല്‍ക്കൂരയുള്ള കാര്‍ പോര്‍ച്ചുകളോ ഭൂഗര്‍ഭ ബേസ്‌മെന്റ് പാര്‍ക്കിങ്ങോ ഒരുക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 1995ലെ ചട്ടങ്ങളിലെ ചട്ടം 9 പ്രകാരമുള്ള പുതുക്കിയ ഫീസ് നിരക്കുകളും നിര്‍ദേശിച്ചിരിക്കുന്ന മറ്റ് സൗകര്യങ്ങളും ബന്ധപ്പെട്ട അധികാരികള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.

Share