പത്തനംതിട്ട: ആംഡ് പൊലീസ് എസ്‌ഐക്കെതിരെ പരാതിയുമായി അടൂർ കെഎപി മൂന്നാം ബറ്റാലിയനിലെ കാന്റീൻ വനിതാ ജീവനക്കാർ. എപിഎസ്ഐ കൃഷ്ണകുമാർ മാനസികമായി ചൂഷണം ചെയ്തതായും സിസിടിവി ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തതായും ആരോപിച്ചാണ് ജീവനക്കാർ ബറ്റാലിയൻ കമാൻഡന്റിന് പരാതി നൽകിയത്. മാനസിക പീഡനം തുടർന്നതോടെ പരാതി നൽകിയ ജീവനക്കാരികൾ ജോലി രാജിവച്ചു.
2018ലെ നെടുമ്പാശ്ശേരി സ്വർണക്കടത്ത് കേസിലെ പ്രതിയാണ് കൃഷ്ണകുമാർ. കേസിൽ ഇയാൾ എട്ട് മാസം ജയിൽവാസവും നാല് വർഷത്തെ സസ്പെൻഷനും അനുഭവിച്ചിരുന്നു. കഴിഞ്ഞ വർഷം ശബരിമല ഡ്യൂട്ടിക്ക് കൃഷ്ണകുമാറിനെ നിയോഗിച്ചതും വിവാദമായിരുന്നു. പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ഇയാളെ ശബരിമല ഡ്യൂട്ടിയിൽ നിന്ന് മാറ്റിയിരുന്നു. മുൻപ് ഇടതുപക്ഷ പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയായി ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.
കാന്റീനിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ കൃഷ്ണകുമാറിന്റെ മൊബൈൽ ഫോണിൽ ലഭ്യമാകുന്ന തരത്തിൽ ക്രമീകരിച്ചിട്ടുണ്ടെന്നും ഈ ദൃശ്യങ്ങൾ മറ്റുള്ളവർക്ക് അയച്ചുനൽകുന്നതായും പരാതിയിൽ പറയുന്നു. ഇതുമൂലം വനിതാ ജീവനക്കാർക്ക് കടുത്ത മാനസിക സമ്മർദവും അസ്വസ്ഥതയും നേരിടേണ്ടിവരുന്നു.
കൃഷ്ണകുമാർ നേരത്തെ അടൂർ കെഎപി മൂന്നാം ബറ്റാലിയനിൽ കാന്റീൻ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തിരുന്നു. നിലവിൽ തൃപ്പൂണിത്തുറ കെഎപി ഒന്നാം ബറ്റാലിയനിലാണ് ജോലി ചെയ്യുന്നത്. തൃപ്പൂണിത്തുറ നിന്നും അടൂരിലെ വനിതാ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ തുടരുന്നുവെന്നാണ് പരാതിക്കാരുടെ ആരോപണം.