കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ തിരഞ്ഞെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ മുൻ ഹൈക്കോടതി ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് കേരള ഹൈക്കോടതി. തിരഞ്ഞെടുപ്പ് നടപടികളിൽ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിനായി സ്വമേധയാ പരിഗണിച്ച കേസിലാണ് ഹൈക്കോടതിയുടെ നടപടി. ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്.
ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയോഗിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കുന്ന മേൽശാന്തി തിരഞ്ഞെടുപ്പിന്റെ അഭിമുഖ നടപടികൾ അദ്ദേഹം നിരീക്ഷിക്കും. ഒക്ടോബർ അഞ്ചിനാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് ശബരിമല സന്നിധാനത്ത് നടക്കുന്ന അന്തിമ നറുക്കെടുപ്പ് സമയത്തും ജസ്റ്റിസ് അരുണിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
78 അപേക്ഷകൾ; അഭിമുഖത്തിന് എട്ട് പേർ
ഈ വർഷത്തെ മേൽശാന്തി തിരഞ്ഞെടുപ്പിനായി ആകെ 78 അപേക്ഷകളാണ് പരിഗണിച്ചത്. ശബരിമല മേൽശാന്തി സ്ഥാനത്തേക്ക് 48 അപേക്ഷകളും മാളികപ്പുറം മേൽശാന്തി സ്ഥാനത്തേക്ക് 30 അപേക്ഷകളുമാണ് ലഭിച്ചത്.
വിജിലൻസ് പരിശോധനയ്‌ക്ക് ശേഷം ശബരിമലയിലേക്ക് അഞ്ച് പേരെയും മാളികപ്പുറത്തേക്ക് മൂന്ന് പേരെയും അഭിമുഖത്തിന് ശുപാർശ ചെയ്തു. അഭിമുഖത്തിന് ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കുക.
മേൽശാന്തി തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന അഭിമുഖത്തിൽ ലഭിക്കുന്ന മാർക്കുകൾ രേഖപ്പെടുത്തുന്നതിനും കോടതി പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മാർക്ക് ലിസ്റ്റിൽ ബോൾപോയിന്റ് പേന ഉപയോഗിച്ച് മാത്രമേ രേഖപ്പെടുത്തലുകൾ നടത്താവൂ. രേഖകൾ നിരീക്ഷകൻ പരിശോധിച്ച് ഒപ്പുവെച്ച ശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറുടെ സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു. മുഴുവൻ അഭിമുഖ നടപടികളും വീഡിയോയിൽ പകർത്തണമെന്നും ഉത്തരവിലുണ്ട്.
അഭിമുഖത്തിന് ശേഷം നിരീക്ഷകനും ശബരിമല സ്പെഷ്യൽ കമ്മീഷണറും ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകണം. അഭിമുഖത്തിന്റെ വീഡിയോ ദൃശ്യങ്ങൾ, മാർക്ക് ലിസ്റ്റുകൾ, ഷോർട്ട്‌ലിസ്റ്റ് എന്നിവ ഒക്ടോബർ 15നകം സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശമുണ്ട്.
ഈ രേഖകൾ കോടതി പരിശോധിച്ച് തുടർ ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷമേ അന്തിമ നറുക്കെടുപ്പ് നടത്താൻ പാടുള്ളൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തവരിൽനിന്ന് ശ്രീകോവിലിന് മുന്നിൽ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. ആചാരപരമായ രീതിയുടെ ഭാഗമായി പന്തളം രാജകുടുംബത്തിൽനിന്നുള്ള ഒരു ആൺകുട്ടിയും പെൺകുട്ടിയും യഥാക്രമം ശബരിമലയിലെയും മാളികപ്പുറത്തെയും നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് നടപടികളുടെ ഓരോ ഘട്ടവും രേഖപ്പെടുത്തുകയും കോടതി പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്യുന്ന രീതിയിലാണ് ഇത്തവണ നടപടികൾ മുന്നോട്ടുപോകുന്നത്. പുതിയ മേൽശാന്തിമാരുടെ കാലാവധി 2026 നവംബർ 17 മുതൽ 2027 നവംബർ 16 വരെയാണ്.