പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വതന്ത്രമായി ജീവിക്കാനും മോഡലിങ്ങിന് പോകാനും കുട്ടികൾ തടസ്സമായിരുന്നെന്നു കുട്ടികളുടെ അമ്മ നിവേദ്യ മൊഴുകി നൽകിയെന്ന് പൊലീസ്. കുട്ടികളുടെ അമ്മ നിവേദ്യയാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തൽ. ചോദ്യംചെയ്യലിൽ നിവേദ്യ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
വടകരപ്പതി പഴണിയാർപാളയം മണൽക്കാട് സ്വദേശികളായ ജോൺ കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ കൂരാങ്കാട്ടിലെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കുട്ടികളുടെ മരണത്തിൽ നേരത്തെ തന്നെ സംശയം ഉയർന്നിരുന്നു. കുടുംബാംഗങ്ങളും നാട്ടുകാരും ഉന്നയിച്ച സംശയങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. നിവേദ്യയെ ചോദ്യംചെയ്തതോടെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരം ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്.
‘സ്വതന്ത്രമായി ജീവിക്കാൻ കുട്ടികൾ തടസ്സം’
കുട്ടികൾ തന്റെ സ്വതന്ത്ര ജീവിതത്തിന് തടസ്സമാണെന്ന് കരുതിയാണ് കൃത്യം ചെയ്തതെന്നാണ് നിവേദ്യ ചോദ്യംചെയ്യലിൽ പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നത്. പഠിക്കാനും മോഡലിങ്ങിന് പോകാനും ആഗ്രഹിച്ചിരുന്നുവെന്നും കുട്ടികൾ അതിന് തടസ്സമായിരുന്നുവെന്നും മൊഴി നൽകിയതായി പൊലീസ് പറയുന്നു.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം താനും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും നിവേദ്യ പറഞ്ഞതായാണ് വിവരം. എന്നാൽ മൊഴിയിലെ ഈ ഭാഗങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കൊലപാതകത്തിലേക്ക് നയിച്ച യഥാർഥ കാരണം കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം തുടരുകയാണ്.
കുട്ടികളെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും പലരും അപവാദങ്ങൾ പ്രചരിപ്പിച്ചിരുന്നുവെന്നും കുട്ടികൾ തന്റേതല്ലെന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നുവെന്നും നിവേദ്യ പറഞ്ഞതായും വിവരമുണ്ട്. ഇക്കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിക്കുന്നുണ്ട്.
കുട്ടികളുടെ മരണത്തിൽ നേരത്തെ സംശയം
സംഭവദിവസം രാവിലെ ജോൺ കുമാർ ജോലിക്ക് പോയിരുന്നു. നിവേദ്യയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടികളുടെ ശബ്ദം ഏറെ നേരം കേൾക്കാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചെന്നും സമീപത്തെ വീടുകളിലടക്കം തിരച്ചിൽ നടത്തിയശേഷം കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ കുട്ടികളെ കണ്ടെത്തിയെന്നുമായിരുന്നു നിവേദ്യ ആദ്യം പൊലീസിനോട് പറഞ്ഞത്.
നിവേദ്യയുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടികളെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം ആദ്യം വെള്ളത്തൊട്ടിയിൽ വീണുള്ള അപകടമരണം എന്ന നിലയിലാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ചൊവ്വാഴ്ചത്തെ പ്രാഥമിക അന്വേഷണത്തിലും കുട്ടികൾ അബദ്ധത്തിൽ വീണതാകാമെന്നായിരുന്നു പൊലീസ് സംശയിച്ചിരുന്നത്.
എന്നാൽ രണ്ട് കുട്ടികളും ഒരേസമയം വെള്ളത്തൊട്ടിയിൽ വീണുമരിച്ചെന്ന സാഹചര്യത്തിൽ സംശയമുണ്ടെന്ന് പിതാവ് ജോൺ കുമാറും കുടുംബാംഗങ്ങളും പൊലീസിനെ അറിയിച്ചിരുന്നു. വെള്ളം നിറഞ്ഞിരുന്നെങ്കിലും രണ്ട് കുട്ടികൾക്കും ഒരുമിച്ച് മുങ്ങിമരിക്കാനുള്ള സാഹചര്യം സംബന്ധിച്ച സംശയമാണ് കുടുംബം ഉന്നയിച്ചത്.
കുട്ടികളുടെ മരണത്തിന് പിന്നാലെ നിവേദ്യയുടെ ഫോൺ ഉപയോഗവും കുടുംബാംഗങ്ങളിൽ സംശയമുണ്ടാക്കിയിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം കൂടുതൽ കേന്ദ്രീകരിച്ചത്.
വിറകുവെട്ട് തൊഴിലാളിയായ ജോൺ കുമാറും കുടുംബവും രണ്ട് മാസം മുമ്പാണ് കൂരാങ്കാട്ടിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. സംഭവദിവസം ജോൺ കുമാർ ജോലിക്ക് പോയപ്പോഴാണ് വീട്ടിൽ നിവേദ്യയും കുട്ടികളും മാത്രമുണ്ടായിരുന്നത്.
മേനോൻപാറ ഗവ. യു.പി. സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയായിരുന്ന ജെനിഫർ ജൂലിയറ്റ് കഴിഞ്ഞ രണ്ട് ദിവസമായി സ്കൂളിൽ പോയിരുന്നില്ല.
കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് നിവേദ്യയുടെ മൊഴിയും സംഭവസാഹചര്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച യഥാർഥ കാരണം എന്താണെന്നും സംഭവത്തിന്റെ മുഴുവൻ സാഹചര്യങ്ങളും എന്താണെന്നും കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.















