കോഴിക്കോട്: വിനോദയാത്രയ്‌ക്കിടെ വിദ്യാർത്ഥിനികളോട് അധ്യാപകൻ അപമര്യാദയായി പെരുമാറിയെന്ന് പരാതി. കോഴിക്കോട് എരഞ്ഞിക്കലിലെ പി.വി.എസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികളാണ് അധ്യാപകനെതിരെ പരാതി ഉന്നയിച്ചത്. സെപ്റ്റംബർ 24ന് സ്കൂളിൽനിന്ന് വിനോദയാത്ര പോയപ്പോഴാണ് സംഭവമെന്നാണ് പരാതി.
സ്കൂളിലെ ഉറുദു അധ്യാപകനായ സ്വാലിഹിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ടൂറിനിടെ വിദ്യാർത്ഥിനികളോട് അധ്യാപകൻ മോശമായി പെരുമാറുകയും ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങൾ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ അനാവശ്യമായി സ്പർശിക്കുകയും ചെയ്തെന്നാണ് ആരോപണം.
സംഭവം വിദ്യാർത്ഥിനികൾ രക്ഷിതാക്കളെ അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ സ്കൂൾ അധികൃതരെ സമീപിച്ചു. സ്കൂൾ മാനേജ്മെന്റും പ്രധാനാധ്യാപകനും വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
അധ്യാപകനിൽനിന്ന് മോശം പെരുമാറ്റം നേരിട്ടതായി വിനോദയാത്രയ്‌ക്ക് പോയ ചില വിദ്യാർത്ഥിനികളും വെളിപ്പെടുത്തിയതായി ഒരു രക്ഷിതാവ് വ്യക്തമാക്കി. കുട്ടികൾ ഭയന്നു പോയതിനാലാണ് വിവരം പുറത്തുപറയാഞ്ഞതെന്നും രക്ഷിതാവ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. വിദ്യാർത്ഥിനികളുടെ മൊഴികളും മറ്റ് വിവരങ്ങളും ശേഖരിച്ച ശേഷമായിരിക്കും തുടർനടപടികൾ. വിദ്യാർത്ഥിനികളോട് അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായെന്ന് പരാതിപ്പെടുന്ന പെരുമാറ്റം ഗൗരവമുള്ളതാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.














