തിരുവനന്തപുരം: വിശ്വ ഹിന്ദു പരിഷത്ത് കേരള ഘടകത്തിന് കീഴിലുള്ള ക്ഷേത്രങ്ങളെ ഏകോപിപ്പിക്കാൻ പുതിയ സംവിധാനം. വി.എച്ച്.പിയുടെ കീഴിലുള്ള 220 ക്ഷേത്രങ്ങളെ ഏകോപിപ്പിച്ച് ‘വിശ്വ ഹിന്ദു ദേവസ്വം’ എന്ന പേരിൽ രജിസ്റ്റർ ചെയ്തു. പുതിയ ഭരണസംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉടൻ നടത്തുമെന്ന് വി.എച്ച്.പി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ അറിയിച്ചു.
എല്ലാ ക്ഷേത്രങ്ങളെയും ഏകീകരിച്ചുകൊണ്ട് പ്രവർത്തിക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് അനിൽ വിളയിൽ പറഞ്ഞു. ക്ഷേത്രങ്ങളുടെ അക്കൗണ്ടിങ്, ഓഡിറ്റ് തുടങ്ങിയ കാര്യങ്ങൾ കൂടുതൽ സുതാര്യവും കൃത്യവുമായി നടത്തുകയാണ് ലക്ഷ്യം. ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനും പൊതുവായ ഒരു വേദി ഒരുക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രങ്ങളുടെ ഭരണവും ദൈനംദിന പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുകയാണ് വിശ്വ ഹിന്ദു ദേവസ്വത്തിന്റെ ലക്ഷ്യമെന്നും വി.എച്ച്.പി നേതൃത്വം അറിയിച്ചു. ട്രസ്റ്റ് സംവിധാനത്തിൽ ജസ്റ്റിസ് പി. എൻ. രവീന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖരും അംഗങ്ങളായിട്ടുണ്ടെന്നും അനിൽ വിളയിൽ പറഞ്ഞു.
നിലവിൽ വി.എച്ച്.പിയുടെ കീഴിലുള്ള ഏകദേശം 220 ക്ഷേത്രങ്ങളെ വിശ്വ ഹിന്ദു ദേവസ്വവുമായി ബന്ധിപ്പിച്ച് അഫിലിയേറ്റ് ചെയ്യുന്നതിനുള്ള നടപടികൾ തുടരും. ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം ക്ഷേത്രങ്ങളുടെ ഭരണസംവിധാനം പുതിയ ഘടനയിലേക്ക് കൊണ്ടുവരാനാണ് ശ്രമം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള ദേവസ്വം സ്ഥാപനങ്ങളിലെ അഴിമതിയും കെടുകാര്യസ്ഥതയും സംബന്ധിച്ച ആരോപണങ്ങൾക്ക് ബദൽ മാതൃക സൃഷ്ടിക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്നും വി.എച്ച്.പി നേതൃത്വം വ്യക്തമാക്കി.
ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ആചാര്യന്മാരുടെ അഭിപ്രായങ്ങൾ പരിഗണിക്കുമെന്നും ക്ഷേത്രങ്ങളുടെ നടത്തിപ്പിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുമെന്നും നേതൃത്വം അറിയിച്ചു.
അടുത്തിടെ വി.എച്ച്.പി നേതൃത്വം മുന്നോട്ടുവച്ച ജാതിരഹിത വിവാഹം, വി.എച്ച്.പിയുടെ കീഴിലുള്ള ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് പ്രവേശിക്കാനുള്ള അനുമതി തുടങ്ങിയ തീരുമാനങ്ങളും ചർച്ചയായിരുന്നു. പുതിയ ദേവസ്വം സംവിധാനത്തിലൂടെ 220 ക്ഷേത്രങ്ങളുടെയും ഭരണത്തിലും നടത്തിപ്പിലും കൂടുതൽ ഏകീകരണവും സുതാര്യതയും കൊണ്ടുവരാനാണ് സംഘടനയുടെ ശ്രമം.













