ടെൽ അവീവ്: ഫ്ലൈദുബായ് വിമാനത്തിനുള്ളിലെ അടിയന്തര സാഹചര്യം നിയന്ത്രിക്കാൻ നിർണായക ഇടപെടൽ നടത്തിയ ഇസ്രയേലി യാത്രക്കാരൻ യാനിവ് ഹയൂണിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കോക്പിറ്റിനുള്ളിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചറിനെ ഒമാനി സഹപൈലറ്റ് ആക്രമിച്ചതിനെ തുടർന്ന് വിമാനം അതിവേഗം താഴേക്ക് പതിക്കുന്നതിനിടെയാണ് യാനിവ് ഹയൂൺ ഇടപെട്ടത്.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് FZ1073 വിമാനത്തിലായിരുന്നു സംഭവം. ഇസ്രയേലിൽ പ്ലംബറായി ജോലി ചെയ്യുന്ന ഹയൂൺ ആക്രമിയെ സഹ പൈലറ്റിനെ ബലം പ്രയോഗിച്ച് വിമാനത്തിന്റെ കൺട്രോൾ പാനലിൽ നിന്ന് പിടിച്ചു മാറ്റുകയായിരുന്നു. തുടർന്ന് വിമാനം താഴേക്ക് പതിക്കുന്നത് തടയാൻ കുറച്ചുസമയം നിയന്ത്രണത്തിൽ ഏറ്റെടുക്കുകയും ചെയ്തു. ഇതിനിടെ വിമാനത്തിലുണ്ടായിരുന്ന മറ്റൊരു ഓഫ് ഡ്യൂട്ടി പൈലറ്റ് കോക്പിറ്റിലെത്തി നിയന്ത്രണം ഏറ്റെടുത്തു.
രക്തക്കറകളുള്ള ഷർട്ടുമായി നെതന്യാഹുവിനെ കണ്ടു
സംഭവത്തിന് പിന്നാലെ ഇസ്രയേലിലേക്ക് മടങ്ങിയ ഹയൂൺ പിന്നീട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സന്ദർശിച്ചു. സംഭവസമയത്ത് ധരിച്ചിരുന്ന അതേ ഷർട്ടുമായാണ് അദ്ദേഹം കൂടിക്കാഴ്ചയ്‌ക്കെത്തിയത്. ഷർട്ടിൽ അപ്പോഴും രക്തക്കറകൾ വ്യക്തമായി കാണാമായിരുന്നു.
വിമാനത്തിന്റെ നിയന്ത്രണത്തിൽ ഇടപെടാൻ എങ്ങനെ ധൈര്യം ലഭിച്ചുവെന്ന് നെതന്യാഹു ചോദിച്ചപ്പോൾ “ഞാൻ ‘Mayday’ കാണാറുണ്ട്” എന്നായിരുന്നു ഹയൂണിന്റെ മറുപടി. വിമാനാപകടങ്ങളും അടിയന്തര സാഹചര്യങ്ങളും പ്രമേയമാക്കിയ ഡോക്യുമെന്ററി പരമ്പരയാണ് ‘Mayday’. വിമാനങ്ങൾ അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിനെക്കുറിച്ച് ആ പരിപാടിയിലൂടെ ലഭിച്ച ധാരണയാണ് പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ചതെന്നും ഹയൂൺ പറഞ്ഞു.