കോട്ടയം: കോട്ടയം ഇറഞ്ഞാലിൽ വാടകവീടിന് തീപിടിച്ച് വീട് നിർമാണ കോൺട്രാക്ടറായ തമിഴ്‌നാട് സ്വദേശി മരിച്ചു. ശേഖർ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയാണ് വീടിന് തീപിടിച്ചതെന്നാണ് വിവരം. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വീടിനുള്ളിൽ കണ്ടെത്തിയ ശേഖറിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസമയത്ത് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ശേഖറിന്റെ ബൈക്കും സ്‌കോർപ്പിയോ കാറും സ്റ്റാർട്ടാക്കിയ നിലയിലായിരുന്നു. ഈ സാഹചര്യവും തീപിടിത്തത്തിന്റെ കാരണവും സംബന്ധിച്ച് പോലീസ് വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.
കുടുംബവഴക്കിന് പിന്നാലെ ഭാര്യയും കുട്ടികളും വീട്ടിലില്ലായിരുന്നു . ശേഖറും ഭാര്യയും തമ്മിൽ നിരന്തരം കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പോലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. ഇന്നലെ ഉച്ചയ്‌ക്കും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് ഭാര്യ കുട്ടികളുമായി റാന്നിയിലുള്ള വീട്ടിലേക്ക് പോയിരുന്നു.
സംഭവസമയത്ത് ശേഖർ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. തീപിടിത്തത്തിന് പിന്നിലെ സാഹചര്യം കണ്ടെത്തുന്നതിനായി പോലീസ് വിവിധ വശങ്ങൾ പരിശോധിച്ചുവരികയാണ്.
വർഷങ്ങളായി റാന്നിയിൽ താമസിച്ചിരുന്ന ശേഖർ ഏതാനും നാളുകളായി ഇറഞ്ഞാലിലായിരുന്നു താമസം. പ്രദേശത്തെ വിവിധ വീടുകളുടെ നിർമാണ ജോലികൾ ഏറ്റെടുത്ത് കോൺട്രാക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു.