ന്യൂഡൽഹി: മുൻ മന്ത്രി എം.കെ. മുനീറിന് ക്യാബിനറ്റ് പദവി നൽകിയതിലൂടെ മുസ്ലിം ലീഗിന് ആറാം മന്ത്രിയെ സമ്മാനിച്ചിരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് വി. മുരളീധരൻ എംഎൽഎ . യു.ഡി.എഫ് സർക്കാരിന്റെ നടപടികളെ വിമർശിച്ചാണ് വി. മുരളീധരന്റെ പ്രതികരണം.
ഭരണത്തിൽ വന്നതുമുതൽ വി.ഡി. സതീശന്റെ ലീഗ് വിധേയത്വം കേരളം കാണുന്നതാണെന്ന് വി. മുരളീധരൻ ആരോപിച്ചു. മന്ത്രിസഭയിൽ രമേശ് ചെന്നിത്തലയെ മാറ്റിനിർത്തി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് രണ്ടാമന്റെ സ്ഥാനം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
‘കോൺഗ്രസിൽ ചോദിക്കുന്നതിന് മുമ്പ് ലീഗിൽ ചോദിക്കുക’ എന്നതാണ് സതീശന്റെ രീതിയെന്നും വി. മുരളീധരൻ പരിഹസിച്ചു. എം.കെ. മുനീറിനെ സംസ്ഥാന ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി ക്യാബിനറ്റ് പദവിയോടെ നിയമിച്ച തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം.
പുതിയ പദവികൾ അനാവശ്യ ചെലവ്
പുതിയ ക്യാബിനറ്റ് പദവികൾ സംസ്ഥാനത്തിന് അനാവശ്യ സാമ്പത്തിക ബാധ്യതയാണെന്നും വി. മുരളീധരൻ പറഞ്ഞു. മന്ത്രിമാർക്ക് ചെയ്യാൻ കഴിയുന്നതിനപ്പുറം ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിക്കോ ഭരണപരിഷ്കാര കമ്മീഷനോ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വിമർശിച്ചു.
മുൻ സർക്കാരിന്റെ അതേ നയങ്ങളും നിലപാടുകളും യു.ഡി.എഫ് സർക്കാരും ആവർത്തിക്കുകയാണെന്നും വി. മുരളീധരൻ ആരോപിച്ചു. നേരത്തെ കെ.വി. തോമസിന് നൽകിയതുപോലെയുള്ള സംവിധാനമാണ് പുതിയ നിയമനങ്ങളിലുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജനെ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് പദവിയോടെ നിയമിച്ച തീരുമാനത്തെയും വി. മുരളീധരൻ വിമർശിച്ചു. എം.കെ. മുനീറിന്റെ നിയമനവും ജി. ദേവരാജന്റെ നിയമനവും ഒരേ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനിച്ചതെന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തദ്ദേശമന്ത്രി കെ.എം. ഷാജിയേയും വി. മുരളീധരൻ വിമർശിച്ചു. തദ്ദേശമന്ത്രി എപ്പോഴും ആഡംബര കാറിൽ മാത്രം യാത്ര ചെയ്യാതെ വല്ലപ്പോഴും സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷയിലും യാത്ര ചെയ്യട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്.
യുവമോർച്ച പ്രവർത്തകർ മന്ത്രിമാരുടെ വാഹനങ്ങൾ തടഞ്ഞ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം പ്രതികരിച്ചു.കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചില്ല. ബി.ജെ.പി. പ്രവർത്തകർക്ക് അമർഷമുണ്ടാകുന്നത് സ്വാഭാവികമാണെന്നും കരിങ്കൊടി പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും വി. മുരളീധരൻ പറഞ്ഞു.















