എയര്‍പോര്‍ട്ട് സുരക്ഷാ ക്ലിയറന്‍സിന് പുതിയ പരിഷ്‌കാരം; അഞ്ച് വര്‍ഷം കാലാവധി, നടപടികള്‍ ഡിജിറ്റലാകും

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള വ്യോമയാന സുരക്ഷാ നടപടികള്‍ ലളിതവും വേഗത്തിലുമാക്കാന്‍ പുതിയ പരിഷ്‌കാരങ്ങളുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (BCAS)യുടെ നേതൃത്വത്തിലാണ് നടപടികള്‍. സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ നടപടികള്‍ ഡിജിറ്റലാക്കുകയും ഉത്തരവാദിത്താധിഷ്ഠിത ഭരണത്തിലേക്ക് മാറുകയുമാണ് ലക്ഷ്യമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി സമീര്‍ കുമാര്‍ സിന്‍ഹ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ BCAS പരിഷ്‌കാരങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒമ്പത് വിഭാഗങ്ങളിലുള്ള വ്യോമയാന സ്ഥാപനങ്ങള്‍ക്ക് ബാധകമാകുന്ന രീതിയില്‍ സുരക്ഷാ ക്ലിയറന്‍സ് സംവിധാനം പരിഷ്‌കരിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ വിഭാഗമോ കരാറിന്റെ സ്വഭാവമോ പരിഗണിക്കാതെ സുരക്ഷാ ക്ലിയറന്‍സ് നല്‍കുന്ന രീതിയിലേക്കാണ് മാറ്റം. പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി ക്ലിയറന്‍സിന് അഞ്ച് വര്‍ഷത്തെ കാലാവധി നല്‍കാനാണ് നിര്‍ദേശം.

വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷാ പരിശോധനയ്‌ക്കും സമയബന്ധിതമായ സംവിധാനം കൊണ്ടുവന്നു. ആവശ്യമായ വിശദീകരണങ്ങള്‍ ഒരേ ഘട്ടത്തില്‍ തന്നെ ശേഖരിക്കുകയും ഓരോ ഘട്ടത്തിനും സമയപരിധി നിശ്ചയിക്കുകയും ചെയ്യും. കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ പ്രത്യേകം നിരീക്ഷിക്കാനും സംവിധാനമുണ്ടാകും.

എയര്‍ഡ്രോം എന്‍ട്രി പെര്‍മിറ്റ് (AEP) സംവിധാനം പൂര്‍ണമായും ഡിജിറ്റലാക്കുന്നതിനുള്ള നടപടികളും BCAS ആരംഭിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, അപേക്ഷ സമര്‍പ്പിക്കല്‍, രേഖകള്‍ അപ്ലോഡ് ചെയ്യല്‍, ഡിജിറ്റല്‍ പരിശോധന, അംഗീകാര നടപടികള്‍, പെര്‍മിറ്റ് വിതരണം എന്നിവയെല്ലാം ഒറ്റ പ്ലാറ്റ്ഫോമിലൂടെ നടത്തും.

മുഖം തിരിച്ചറിയല്‍ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പരിശോധനയും സംവിധാനത്തിലുണ്ടാകും. രാജ്യത്തെ 169 വിമാനത്താവളങ്ങളിലും ഒരേ ഡിജിറ്റല്‍ പ്ലാറ്റ്ഫോം നടപ്പാക്കാനാണ് പദ്ധതി.

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി വളര്‍ന്ന സാഹചര്യത്തിലാണ് പരിഷ്‌കാരങ്ങള്‍. രാജ്യത്തെ പ്രവര്‍ത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം 2014ലെ 74ല്‍ നിന്ന് 2026 ജൂലൈയില്‍ 165 ആയി ഉയര്‍ന്നതായും വ്യോമയാന മന്ത്രാലയം അറിയിച്ചു.

വ്യോമയാന മേഖല അതിവേഗം വികസിക്കുന്ന സാഹചര്യത്തില്‍ അതിനനുസരിച്ച് സുരക്ഷാ നിയന്ത്രണ സംവിധാനവും നവീകരിക്കുകയാണ് ലക്ഷ്യം. വികസിത് ഭാരത് @2047 എന്ന വിശാല ലക്ഷ്യത്തിന്റെ ഭാഗമായാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

Share