അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

Published by
ജനം വെബ്‌ഡെസ്ക്

ജിന്‍ദ്: അമ്മ റേഷന്‍ വാങ്ങാന്‍ വരിയില്‍ നില്‍ക്കുകയായിരുന്നു. കൈയില്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡ്. വീട്ടിലെ അടുക്കളയിലേക്ക് എത്തേണ്ട ഗോതമ്പിനായി കാത്തുനില്‍ക്കുന്ന ആ നിമിഷത്തിലാണ് ആ വാര്‍ത്ത അമ്മയെ തേടിയെത്തിയത് മകള്‍ ജപ്പാനില്‍ ചരിത്രമെഴുതിയിരിക്കുന്നു. ടെലിവിഷന് മുന്നിലിരുന്നല്ല. ഫോണില്‍ സ്‌കോര്‍ നോക്കിയുമല്ല. ഹരിയാനയിലെ ജിന്‍ദ് ജില്ലയിലെ സംഗത്പുര ഗ്രാമത്തിലെ ഒരു റേഷന്‍കടയില്‍, ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കുള്ള റേഷന്‍ വാങ്ങുന്നതിനിടെയായിരുന്നു സുധേഷ് ദേവി അറിഞ്ഞത് തന്റെ മകള്‍ നീരു ധണ്ട ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിരിക്കുന്നു.

”ഞാന്‍ ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള റേഷന്‍ വാങ്ങാന്‍ പോയതായിരുന്നു,” ആ നിമിഷം ഓര്‍ത്തെടുത്ത് സുധേഷ് ദേവി പറഞ്ഞു. പിന്നെ അവര്‍ പറഞ്ഞ ഒരു വാചകം മാത്രം മതി, ഈ കഥയുടെ ആഴം മനസിലാക്കാന്‍. ”ജമാ ഗരീബിയാണ്, സീറോ ബാലന്‍സാണ്.” വീട്ടില്‍ പണമില്ല. ജീവിതം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ അതേ വീട്ടിലെ മകള്‍, ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ ജപ്പാനില്‍, ഇന്ത്യയുടെ കായികചരിത്രത്തില്‍ സ്വന്തം പേര് എഴുതുകയായിരുന്നു.

ദാരിദ്ര്യത്തിന്റെ യാഥാര്‍ഥ്യത്തില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ ഏറ്റവും ഉയര്‍ന്ന പോഡിയത്തിലേക്കുള്ള ഒരു പെണ്‍കുട്ടിയുടെ യാത്രയായിരുന്നു അത്. ഷൂട്ടിംഗ് എന്ന കായികയിനം എളുപ്പത്തില്‍ എല്ലാവര്‍ക്കും സ്വന്തമാക്കാവുന്ന ഒന്നല്ല. തോക്ക് വേണം. വെടിയുണ്ടകള്‍ വേണം. പരിശീലനം വേണം. മികച്ച ഷൂട്ടിംഗ് റേഞ്ചുകള്‍ വേണം. തുടര്‍ച്ചയായ പരിശീലനത്തിനും മത്സരങ്ങള്‍ക്കുമായി വലിയ സാമ്പത്തിക പിന്തുണയും ആവശ്യമാണ്. കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന ‘ദുനാലി’ തോക്കുപയോഗിച്ച് ടിന്‍കാനുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പരിശീലിച്ചാണ് ആ പെണ്‍കുട്ടി ഷൂട്ടിംഗിന്റെ ലോകത്തേക്ക് കടന്നത്.

വിളകള്‍ സംരക്ഷിക്കാനായി കര്‍ഷകനായ അച്ഛന്‍ സൂക്ഷിച്ചിരുന്ന സൈഡ്-ബൈ-സൈഡ് ഡബിള്‍ ബാരല്‍ തോക്കായിരുന്നു ആദ്യകാലത്ത് നീരുവിന്റെ പരിശീലനോപകരണം. സ്വന്തമായി തോക്കുപോലുമില്ലായിരുന്നു. പിന്നീട് മറ്റൊരാളില്‍ നിന്ന് കടം വാങ്ങിയ തോക്കുമായി പരിശീലനം തുടര്‍ന്നു. അത് ഒരു ലോകക്ലാസ് ട്രാപ്പ് ഷൂട്ടറുടെ തുടക്കമെന്ന് അന്ന് ആരും കരുതിയിരിക്കില്ല. അവളുടെ ബന്ധുവായ ലക്ഷ്യ ഷിയോറന്റെ ഷൂട്ടിംഗ് പ്രകടനങ്ങളാണ് നീരുവിനെ ഈ കായികയിനത്തിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചത്. ലക്ഷ്യയും ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവാണ്. പിന്നീട് നീരു തന്നെ ഷൂട്ടിംഗ് റേഞ്ചിലെത്തുകയായിരുന്നു.

അവിടെ നിന്നാണ് കഥ മാറിയത്. ലോകകപ്പില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിലേക്ക്. പരിശീലനവും മത്സരങ്ങളും പിന്നിട്ട് നീരു അന്താരാഷ്‌ട്ര വേദിയിലെത്തി. ഇറ്റലിയിലെ ലോനാറ്റോ ഡെല്‍ ഗാര്‍ഡയില്‍ നടന്ന ഐഎസ്എസ്എഫ് ലോകകപ്പില്‍ വനിതകളുടെ ട്രാപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി നീരു മാറി. പിന്നാലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടവും സ്വന്തമാക്കി. 2026 ഏഷ്യന്‍ ഗെയിംസിലെ വനിതകളുടെ ട്രാപ്പ് വ്യക്തിഗത ഇനത്തില്‍ 30 ലക്ഷ്യങ്ങളില്‍ 28 എണ്ണം കൃത്യമായി തകര്‍ത്താണ് നീരു സ്വര്‍ണത്തിലേക്ക് വെടിയുതിര്‍ത്തത്. ചൈനയുടെ സണ്‍ യുനോങ് 26 ലക്ഷ്യങ്ങളുമായി രണ്ടാം സ്ഥാനത്തെത്തി.

അതോടെ ഒരു ചരിത്രവും പിറന്നു. വനിതകളുടെ ട്രാപ്പില്‍ വ്യക്തിഗത ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി നീരു ധണ്ട മാറി. ഇന്ത്യയ്‌ക്കായി പുരുഷ ട്രാപ്പില്‍ വ്യക്തിഗത ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയ ഏക താരമായിരുന്ന റണ്‍ധീര്‍ സിംഗിന്റെ 1978ലെ നേട്ടത്തിന് പിന്നാലെ, അതേ ഇനത്തില്‍ മറ്റൊരു ചരിത്രഅധ്യായം കൂടി എഴുതപ്പെട്ടു. ഈ സ്വര്‍ണത്തിലേക്കുള്ള യാത്രയും എളുപ്പമായിരുന്നില്ല. ന്യൂഡല്‍ഹിയിലെ ദേശീയ ക്യാമ്പിനിടെ അണുബാധയെ തുടര്‍ന്ന് നീരുവിന്റെ പരിശീലനം തടസപ്പെട്ടു. മത്സരത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ക്കും തിരിച്ചടി നേരിട്ടു. അസുഖത്തെ തുടര്‍ന്ന് ജപ്പാനിലെത്തേണ്ടതിലും രണ്ട് ദിവസം വൈകി.

എന്നിട്ടും റേഞ്ചിലെത്തിയപ്പോള്‍ ലക്ഷ്യങ്ങള്‍ക്ക് മുന്നില്‍ ഒരു അസുഖത്തിനും ഇടമുണ്ടായിരുന്നില്ല. യോഗ്യതാ റൗണ്ടിലും 28 ലക്ഷ്യങ്ങള്‍ തകര്‍ത്ത നീരു ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡ് കുറിച്ചു. ഫൈനലിലും അതേ കൃത്യത. 30ല്‍ 28. ചരിത്രം കുറിച്ചിട്ടും നീരു നിര്‍ത്തിയില്ല. വ്യക്തിഗത സ്വര്‍ണത്തിന് പിന്നാലെ അടുത്ത ദിവസം മിക്‌സഡ് ട്രാപ്പിലും ഇന്ത്യയ്‌ക്കായി വീണ്ടും സ്വര്‍ണം നേടി. കൈനന്‍ ഡാരിയസ് ചെനായിയായിരുന്നു പങ്കാളി. അങ്ങനെ ജപ്പാനില്‍ നിന്ന് നീരു മടങ്ങിയത് രണ്ട് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവുമായി. വനിതകളുടെ ട്രാപ്പ് ടീം ഇനത്തിലും നീരു ഇന്ത്യയ്‌ക്കായി വെള്ളി നേടിയിരുന്നു. ആശിമ അഹ്ലാവത്ത്, മനീഷ കീര്‍ എന്നിവര്‍ക്കൊപ്പമാണ് 328 പോയിന്റുമായി ഇന്ത്യന്‍ ടീം രണ്ടാം സ്ഥാനത്തെത്തിയത്.

നീരുവിന്റെ കരിയറില്‍ ഇന്ത്യന്‍ സൈന്യത്തിനും നിര്‍ണായക സ്ഥാനമുണ്ട്. കോര്‍പ്‌സ് ഓഫ് മിലിട്ടറി പൊലീസിലെ നായിബ് സുബേദാറായ നീരു മധ്യപ്രദേശിലെ മൗവിലുള്ള ആര്‍മി മാര്‍ക്ക്‌സ്മാന്‍ഷിപ്പ് യൂണിറ്റിലാണ് പരിശീലനം നടത്തിയത്. ആ പരിശീലനാന്തരീക്ഷമാണ് ടിന്‍കാനുകളിലേക്ക് വെടിയുതിര്‍ത്തിരുന്ന ഒരു ഗ്രാമീണ പെണ്‍കുട്ടിയെ അന്താരാഷ്‌ട്ര വേദിയിലെ മത്സരാര്‍ത്ഥിയാക്കി വളര്‍ത്തിയത്. സാമ്പത്തികമായി ഏറെ ചെലവേറിയ കായികയിനമായ ഷൂട്ടിംഗില്‍ തുടര്‍ന്നും മുന്നേറാന്‍ ആവശ്യമായ പരിശീലനവും സൗകര്യങ്ങളും ലഭിക്കുന്നതില്‍ സൈന്യത്തിന്റെ കായിക സംവിധാനത്തിനും വലിയ പങ്കുണ്ട്.

ഇനി ആ ദൃശ്യത്തിലേക്ക് വീണ്ടും മടങ്ങാം. ഹരിയാനയിലെ ഒരു ചെറിയ ഗ്രാമം.റേഷന്‍കട. കൈയില്‍ ബിപിഎല്‍ കാര്‍ഡ്. കുടുംബത്തിന് വേണ്ട ഗോതമ്പിനായി കാത്തുനില്‍ക്കുന്ന അമ്മ. അതേ സമയം ജപ്പാനില്‍, ഇന്ത്യന്‍ പതാക ഉയരുകയാണ്. പോഡിയത്തില്‍ നില്‍ക്കുന്നത് അവരുടെ മകള്‍. ഇരുവശത്തും ഒരേ കുടുംബത്തിന്റെ ജീവിതം. ഒരു വശത്ത് ‘സീറോ ബാലന്‍സ്’. മറുവശത്ത് രണ്ട് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം. ഇതാണ് നീരു ധണ്ടയുടെ കഥയെ ഒരു കായികവിജയത്തില്‍ നിന്ന് ഒരു ജീവിതകഥയാക്കി മാറ്റുന്നത്. അമ്മ റേഷന്‍ വാങ്ങാന്‍ പോയ ദിവസം, മകള്‍ ഇന്ത്യയുടെ കായികചരിത്രത്തില്‍ സ്വന്തം പേര് പതിപ്പിച്ച ദിവസം.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

സംഗത്പുരയിലെ ആ റേഷന്‍കടയില്‍ നിന്ന് ജപ്പാനിലെ സ്വര്‍ണ പോഡിയത്തിലേക്കുള്ള ദൂരം കിലോമീറ്ററുകളുടേതല്ല. ഒരു ജീവിതം മുഴുവന്‍ നീണ്ട പോരാട്ടത്തിന്റേതാണ്. അതുകൊണ്ടുതന്നെ നീരുവിന്റെ സ്വര്‍ണം കഴുത്തില്‍ തൂങ്ങിയ ഒരു മെഡല്‍ മാത്രമല്ല. ‘സീറോ ബാലന്‍സ്’ എന്ന് പറഞ്ഞ ഒരു അമ്മയുടെ വീട്ടില്‍ നിന്ന് ലോകത്തോട് ‘ലക്ഷ്യം വെച്ചാല്‍ എത്താം’ എന്ന് പറഞ്ഞ ഒരു മകളുടെ മറുപടിയാണ്.

Share