ന്യൂഡല്‍ഹി: ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ബോക്സിംഗിന് സുവര്‍ണ ഹാട്രിക്. പുരുഷന്മാരുടെ 80 കിലോഗ്രാം വിഭാഗത്തില്‍ അങ്കുഷ് പന്‍ഗാല്‍ സ്വര്‍ണം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ ഒരേ ദിവസം മൂന്ന് ബോക്സിംഗ് സ്വര്‍ണങ്ങള്‍ നേടിയത്. ഫൈനലില്‍ ദക്ഷിണ കൊറിയയുടെ മിന്‍സോങ് കിമ്മിനെയാണ് അങ്കുഷ് പരാജയപ്പെടുത്തിയത്. തുടക്കം മുതല്‍ മത്സരത്തില്‍ വ്യക്തമായ നിയന്ത്രണം പുലര്‍ത്തിയ ഇന്ത്യന്‍ താരം 4-0 എന്ന വിധിയിലാണ് സ്വര്‍ണം സ്വന്തമാക്കിയത്.
ആദ്യ റൗണ്ടില്‍ 4-1ന് അങ്കുഷ് മുന്നിലെത്തി. രണ്ടാം റൗണ്ടില്‍ ജഡ്ജിമാരുടെ ഏകകണ്ഠമായ 5-0 വിധിയോടെ ലീഡ് ശക്തമാക്കി. സ്വര്‍ണം ഉറപ്പിക്കാന്‍ അവസാന റൗണ്ടിലും മികവ് തുടര്‍ന്ന താരം 4-1ന് റൗണ്ട് സ്വന്തമാക്കി. അങ്കുഷിന്റെ നേട്ടത്തിന് മുന്‍പേ വനിതകളുടെ വിഭാഗത്തില്‍ ഇന്ത്യ രണ്ട് സ്വര്‍ണങ്ങള്‍ സ്വന്തമാക്കിയിരുന്നു. വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തില്‍ ലവ്ലിന ബോര്‍ഗോഹെയ്ന്‍ ചൈനയുടെ സിയി ബാവോയെ 5-0ന് പരാജയപ്പെടുത്തി സ്വര്‍ണം നേടി. സ്വന്തം 29-ാം പിറന്നാളിലായിരുന്നു ലവ്ലിനയുടെ സുവര്‍ണനേട്ടം.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
വനിതകളുടെ 65 കിലോഗ്രാം വിഭാഗത്തില്‍ പര്‍വീന്‍ ഹൂഡ ചൈനീസ് തായ്പേയിയുടെ പാരീസ് ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് ചെന്‍ നിയന്‍-ചിന്നിനെ 3-2ന് തോല്‍പ്പിച്ചാണ് സ്വര്‍ണം നേടിയത്. സ്പ്ലിറ്റ് തീരുമാനത്തിലായിരുന്നു പര്‍വീന്റെ ജയം. ലവ്ലിനയും പര്‍വീനും ഫൈനലുകളില്‍ വിജയിച്ചതിന് പിന്നാലെ അങ്കുഷും സ്വര്‍ണം നേടിയതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് ബോക്സിംഗില്‍ ഒരേ ദിവസം മൂന്ന് സ്വര്‍ണ മെഡലുകള്‍ ലഭിച്ചു. ഇന്ത്യന്‍ ബോക്സര്‍മാരുടെ മികച്ച പ്രകടനത്തോടെ ഐച്ചി-നഗോയയിലെ വെള്ളിയാഴ്ചത്തെ മത്സരദിനം രാജ്യത്തിന് അവിസ്മരണീയമായി.