ടെല്‍ അവീവ്: ടെല്‍ അവീവിലേക്ക് പോയ ഫ്‌ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിച്ചെന്ന കേസില്‍ ഒമാന്‍ സ്വദേശിയായ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഹമാം അല്‍ഹമാമി എന്നയാളാണ് കോ-പൈലറ്റെന്ന് അല്‍ അറബിയ ഇംഗ്ലീഷ് റിപ്പോര്‍ട്ട് ചെയ്തു. ഒമാനില്‍ തീവ്രവാദ ആശയങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളെ തുടര്‍ന്ന് ഇയാളെ നേരത്തെ പൈലറ്റ് ജോലിയില്‍ നിന്ന് വിലക്കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സിറിയയില്‍ കഴിഞ്ഞിരുന്ന കാലത്ത് തീവ്രവാദ ആശയങ്ങളുടെ സ്വാധീനത്തിലായിരുന്നുവെന്നാണ് അല്‍ അറബിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് ഇയാള്‍ യുഎഇയിലേക്ക് പോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒമാനിലെ ദേശീയ വിമാനക്കമ്പനിയിലെ മുന്‍ ജോലിയില്‍നിന്ന് കഴിഞ്ഞ വര്‍ഷം ഇയാളെ നീക്കിയിരുന്നതായും തീവ്രവാദ ആശയങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് ഉണ്ട്. പരിശീലനത്തില്‍നിന്ന് ഇയാളെ മാറ്റിയിരുന്നെങ്കിലും പിന്നീട് വിമാനക്കമ്പനിയില്‍ മറ്റൊരു ചുമതല നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇയിലാണ് ഇയാള്‍ ജനിച്ചതെന്നും പിതാവ് ഒമാന്‍ സ്വദേശിയും മാതാവ് സിറിയക്കാരിയുമാണ്. ജീവിതത്തിന്റെ ഏതാനും വര്‍ഷങ്ങള്‍ യുഎഇയില്‍ ചെലവഴിച്ച ഇയാള്‍ സൗദി അറേബ്യയില്‍ നിന്ന് വിമാനമിറങ്ങിയ ശേഷമാണ് യുഎഇയിലേക്ക് മാറ്റപ്പെട്ടത്.
യുഎഇയില്‍ ഇയാള്‍ക്കെതിരെ ഭീകരവാദവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്‌ലൈദുബായില്‍ ഇയാള്‍ ജോലി ചെയ്തിട്ട് എട്ട് മാസം മാത്രമായിരുന്നുവെന്നാണ് ഒരു ഇസ്രയേലി ഉദ്യോഗസ്ഥന്‍ പറഞ്ഞത്. റോയല്‍ എയര്‍ മറോക്കില്‍ നേരത്തെ ജോലി ചെയ്തിരുന്നുവെന്നും മറ്റൊരു ഉറവിടത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടിലുണ്ട്. ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിക്കാത്ത രാജ്യമാണ് ഒമാന്‍. ഈ സാഹചര്യത്തില്‍ ഒമാന്‍ സ്വദേശിയായ ഒരാള്‍ എങ്ങനെ ടെല്‍ അവീവിലേക്കുള്ള വിമാനത്തിലെ കോ-പൈലറ്റായി എത്തിയെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഷിന്‍ ബെത്ത്, മൊസാദ്, ഇസ്രയേല്‍ സൈന്യം, ഗതാഗത മന്ത്രാലയം തുടങ്ങിയ ഏജന്‍സികള്‍ ഇയാള്‍ വിമാനത്തിലെ ക്രൂവില്‍ ഉള്‍പ്പെട്ട സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇയാളുടെ കൈവശം ‘ഫ്രീ പലസ്തീന്‍’ ഗ്രൂപ്പുകളുടെ ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും പലസ്തീന്‍ അനുകൂല ഉള്ളടക്കങ്ങളും കണ്ടെത്തിയതായി ഐ24 ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പലസ്തീന് പിന്തുണയും ഇസ്രയേലിനോട് വിരോധവും ഇയാള്‍ പ്രകടിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.