ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിയന്ത്രണരേഖ (LoC) മറികടന്ന 17കാരിയെ ഇന്ത്യൻ സൈന്യം കസ്റ്റഡിയിലെടുത്തു. പാക് അധീന കശ്മീരിലെ ഖുയിറെറ്റ സ്വദേശിനിയാണ് പിടിയിലായത്.
ഇന്നലെ രാത്രി നൗഷേരയിലെ ലാം സെക്ടറിൽ നിയന്ത്രണരേഖയ്‌ക്ക് സമീപത്താണ് പെൺകുട്ടിയെ പട്രോളിങ് സംഘം കണ്ടെത്തിയത്. സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൈനികർ ഇവർക്ക് മുന്നറിയിപ്പ് നൽകി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയാണെന്ന് വ്യക്തമായത്.
പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പെൺകുട്ടിയെ കൂടുതൽ പരിശോധനകൾക്കായി ഇന്ത്യൻ സൈന്യം നൗഷേര പൊലീസിന് കൈമാറി. ചോദ്യം ചെയ്യലിൽ അബദ്ധത്തിൽ ഇന്ത്യൻ ഭാഗത്തേക്ക് കടന്നതാണെന്നാണ് പെൺകുട്ടി മൊഴി നൽകിയതെന്നാണ് വിവരം.
എന്നാൽ പെൺകുട്ടി യഥാർഥത്തിൽ അബദ്ധത്തിൽ നിയന്ത്രണരേഖ മറികടന്നതാണോ, അതോ മറ്റെന്തെങ്കിലും ലക്ഷ്യത്തോടെയാണോ ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിച്ചതെന്ന് സുരക്ഷാ ഏജൻസികൾ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.