ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂയോര്‍ക്ക്: ടെക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും ന്യൂറാലിങ്ക് എക്‌സിക്യൂട്ടീവായ ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു. ബന്ധം അവസാനിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്ന് സിലിസ് എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. മസ്‌കുമായി പങ്കിട്ട നാല് മക്കളുടെ കാര്യത്തില്‍ ഇരുവരും നല്ല സുഹൃത്തുക്കളായും സഹമാതാപിതാക്കളായും തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി.

‘പ്രണയത്തിലായിരുന്നതില്‍ നിന്ന് ഒരാഴ്ചയ്‌ക്കുള്ളില്‍ മുന്നറിയിപ്പില്ലാതെ വേര്‍പിരിയേണ്ടിവരുന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയാണ്’ എന്നായിരുന്നു സിലിസിന്റെ കുറിപ്പ്. മസ്‌ക് എക്സില്‍ തന്നെ അണ്‍ഫോളോ ചെയ്തതിന് പിന്നാലെയാണ് സിലിസ് ബന്ധം അവസാനിച്ചതായി പരസ്യമായി വ്യക്തമാക്കിയത്.

വേര്‍പിരിയലിന് ദിവസങ്ങള്‍ക്കുമുമ്പ് ഇരുവരും തമ്മില്‍ സ്‌നേഹപൂര്‍വമായ സന്ദേശങ്ങള്‍ കൈമാറിയിരുന്നതായും സിലിസ് വ്യക്തമാക്കി. സെപ്റ്റംബര്‍ 24-ന് നടന്ന ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും അവര്‍ പങ്കുവച്ചു. പ്രഭാതഭക്ഷണ സമയത്ത് മസ്‌കിനെ കണ്ടതില്‍ സന്തോഷമുണ്ടെന്നും താന്‍ അദ്ദേഹത്തെ ഒരുപാട് സ്‌നേഹിക്കുന്നുവെന്നും സിലിസ് സന്ദേശമയച്ചപ്പോള്‍, ‘ഞാനും നിന്നെ സ്‌നേഹിക്കുന്നു’ എന്നായിരുന്നു മസ്‌കിന്റെ മറുപടി.

മസ്‌കുമായുള്ള ബന്ധത്തിലെ നല്ല നിമിഷങ്ങളെക്കുറിച്ചും സിലിസ് കുറിപ്പില്‍ വിശദീകരിച്ചു. താനും മക്കളും ചേര്‍ന്നുള്ള കുടുംബാന്തരീക്ഷം മസ്‌കിന് സുരക്ഷിതവും സമാധാനപരവുമായ ഇടമായിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്. ബന്ധം അവസാനിച്ചതില്‍ വേദനയുണ്ടെങ്കിലും മസ്‌കിനോട് ഇപ്പോഴും ആഴത്തിലുള്ള സ്‌നേഹവും അദ്ദേഹത്തിന്റെ സന്തോഷത്തിനായുള്ള ആശംസകളും ഉണ്ടെന്നും സിലിസ് വ്യക്തമാക്കി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

2021-ലാണ് മസ്‌കിനും സിലിസിനും ഇരട്ടക്കുട്ടികളായ സ്‌ട്രൈഡറും അസൂറും ജനിച്ചത്. 2024-ല്‍ അര്‍ക്കാഡിയയും 2025-ല്‍ സെല്‍ഡനും ജനിച്ചു. മസ്‌കിന്റെ അറിയപ്പെടുന്ന 14 മക്കളില്‍ നാലുപേരുടെ മാതാവാണ് സിലിസ്. വേര്‍പിരിയലിനെക്കുറിച്ച് മസ്‌ക് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. സിലിസ് പങ്കുവച്ച വിവരങ്ങളാണ് നിലവില്‍ ബന്ധം അവസാനിച്ചതിനെക്കുറിച്ചുള്ള പ്രധാന വിശദീകരണം.

Share