വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

Published by
ജനം വെബ്‌ഡെസ്ക്

ദുബായ്: ടെല്‍ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം മനഃപൂര്‍വം തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒമാന്‍ പൗരനായ സഹപൈലറ്റ് ഹമാം അല്‍-ഹമ്മാമിക്കെതിരെ അന്വേഷണം ശക്തമാക്കി. വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ആഗ്രഹിച്ചതെന്നും മരണത്തെ ഭയമില്ലെന്നും ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി ‘വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍’ റിപ്പോര്‍ട്ട് ചെയ്തു.

തീവ്രവാദ ആശയങ്ങള്‍ പിന്തുടര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ വിമാനജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്ന ഹമ്മാമിക്ക് എങ്ങനെ വീണ്ടും കോക്പിറ്റില്‍ പ്രവേശിക്കാന്‍ അവസരം ലഭിച്ചുവെന്നതും അന്വേഷണ പരിധിയിലാണ്. തീവ്രവാദ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒമാന്‍ എയര്‍ ഇയാളെ നേരത്തെ വിമാനം പറത്തുന്നതില്‍ നിന്ന് വിലക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇയാളെ തീവ്രവാദവിരുദ്ധ പുനരധിവാസ പരിപാടിക്ക് വിധേയനാക്കുകയും ഓഫിസ് ജോലിയിലേക്ക് മാറ്റുകയും ചെയ്തു.

ഒമാന്‍ എയര്‍ വിട്ടശേഷം യു.എ.ഇയിലെത്തിയ ഹമ്മാമി 2026 ഫെബ്രുവരിയിലാണ് ഫ്ലൈ ദുബായില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇയാളുടെ മുന്‍കാല പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഫ്ലൈ ദുബായ്‌ക്ക് ലഭ്യമായിരുന്നോ, ഒമാന്‍ അധികൃതരോട് ഇതുസംബന്ധിച്ച വിവരങ്ങള്‍ തേടിയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. തൊഴില്‍ സുരക്ഷാ പരിശോധനയുടെ ഭാഗമായി ഹമ്മാമിയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി മറ്റ് രാജ്യങ്ങളില്‍നിന്ന് ഒമാന് അഭ്യര്‍ത്ഥനകളൊന്നും ലഭിച്ചിരുന്നില്ലെന്നും ‘വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍’ റിപ്പോര്‍ട്ട് ചെയ്തു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ഒമാനി പിതാവിനും സിറിയന്‍ മാതാവിനും ജനിച്ച ഹമ്മാമി ബാല്യകാലത്ത് കുറച്ചുകാലം സിറിയയില്‍ ചെലവഴിച്ചിരുന്നു. ബഷാര്‍ അല്‍ അസദ് സര്‍ക്കാരിനെതിരെ വിമതര്‍ പോരാടിയിരുന്ന കാലഘട്ടത്തിലായിരുന്നു ഇത്. സിറിയയില്‍ കഴിഞ്ഞിരുന്ന സമയത്താണോ ഹമ്മാമി തീവ്രവാദ ആശയങ്ങളിലേക്ക് തിരിഞ്ഞതെന്നും അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്.

Share