12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

Published by
ജനം വെബ്‌ഡെസ്ക്

വാഷിങ്ടൺ: ബ്രസീലിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ഇന്ത്യയിലെ തിരഞ്ഞെടുപ്പായി തെറ്റിദ്ധരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രസീലിൽ നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ കുറിപ്പിലാണ് ട്രംപ് 12.5 കോടി പേർ ഇന്ത്യയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതായി അവകാശപ്പെട്ടത്.

ബ്രസീലിലെ തിരഞ്ഞെടുപ്പ് ഫലം വോട്ടെടുപ്പ് അവസാനിച്ച ഉടൻ പുറത്തുവന്നതിനെ പരാമർശിച്ച ട്രംപ്, അമേരിക്കയിലെ വോട്ടെണ്ണൽ സംവിധാനത്തെയും വിമർശിച്ചു. അമേരിക്കയിലെ വിവിധ നഗരങ്ങളിലും സംസ്ഥാനങ്ങളിലും താരതമ്യേന കുറഞ്ഞ വോട്ടുകൾ എണ്ണാൻ പോലും ആഴ്ചകൾ എടുക്കുന്നുവെന്നായിരുന്നു ട്രംപിന്റെ ആരോപണം.

ബ്രസീലിൽ നടന്നത് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായിരുന്നു. മുൻ പ്രസിഡന്റ് ജെയർ ബൊൾസൊനാരോയുടെ മകൻ ഫ്ലാവിയോ ബൊൾസൊനാരോ ഏകദേശം 47 ശതമാനം വോട്ട് നേടി മുന്നിലെത്തി. നിലവിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയ്‌ക്ക് ഏകദേശം 45 ശതമാനം വോട്ടാണ് ലഭിച്ചത്. ഇരുവരും ഒക്ടോബർ 25ന് നടക്കുന്ന രണ്ടാംഘട്ട മത്സരത്തിൽ ഏറ്റുമുട്ടും.

അതേസമയം, ബൊൾസൊനാരോ കുടുംബത്തിനും ലിബറൽ പാർട്ടിക്കും തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടായി. ബ്രസീൽ സെനറ്റിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയായി ലിബറൽ പാർട്ടി മാറി.

Share