കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

Published by
ജനം വെബ്‌ഡെസ്ക്

തൃശ്ശൂർ: സഹപാഠികൾ പരസ്പരം കളിയാക്കിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി. തൃശ്ശൂർ ചാവക്കാട് അണ്ടത്തോട് തഖ്‌വ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 14കാരനായ വിദ്യാർത്ഥിയാണ് പോലീസിൽ പരാതി നൽകിയത്.

എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ തമ്മിൽ പരസ്പരം കളിയാക്കിയതിനെ തുടർന്നാണ് തർക്കമുണ്ടായതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ സഹപാഠിയായ വിദ്യാർത്ഥിനിയുടെ ബന്ധു തന്നെ കയ്യേറ്റം ചെയ്തെന്നാണ് 14കാരന്റെ പരാതി. സംഭവത്തിനിടെ അധ്യാപികയെ അസഭ്യം പറഞ്ഞതായും വിദ്യാർത്ഥി ആരോപിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സംഭവം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. ഇതേ തുടർന്നാണ് പോലീസിൽ പരാതി നൽകിയതെന്നും വിദ്യാർത്ഥി വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

 

Share