തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പന്തൽ നിർമ്മാണത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യം ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന ഘട്ടത്തിൽ തൃശൂരിൽ കായികമേളയ്‌ക്കിടെ ഇത്ര വലിയ അനാസ്ഥ ഉണ്ടായത് ഗൗരവമായി കാണണമെന്ന് സുരേഷ് ഗോപി പറഞ്ഞു. കുട്ടികളുടെ സുരക്ഷയാണ് പരമപ്രധാനമെന്നും അതുകൊണ്ടാണ് വിഷയത്തിൽ വേദനയോടെയാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പന്തൽ നിർമ്മിക്കുമ്പോൾ മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന വിശദീകരണം അംഗീകരിക്കാനാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മഴ മുന്നറിയിപ്പ് നേരത്തെ ഉണ്ടായിരുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതായിരുന്നു. പന്തൽ ഉറപ്പിക്കുന്നതിനായി നട്ട്, ബോൾട്ട്, യു-ക്ലാമ്പ് തുടങ്ങിയവ ഉപയോഗിച്ച് ആവശ്യമായ സുരക്ഷ ഉറപ്പാക്കിയിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.
സംഭവത്തിൽ പൊലീസിന് സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം നടത്താനുള്ള ചുമതലയും സ്വാതന്ത്ര്യവും നൽകണമെന്നും അദ്ദേഹം പറഞ്ഞു. വീഴ്ച ആരുടെ ഭാഗത്തുനിന്നാണുണ്ടായതെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
കായികമേളയ്‌ക്കിടെ പന്തൽ തകർന്നതിനെ തുടർന്ന് നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന മന്ത്രിമാരുടെ പ്രതികരണങ്ങൾക്കിടെയാണ് സുരേഷ് ഗോപിയുടെ വിമർശനം.