തിരുവനന്തപുരം: 15 വയസ്സുള്ള ആൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിൽ ബന്ധുവായ പ്രതിക്ക് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ദാസ് ആന്റണി (43)യെ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം.
2025 മേയ് 24നാണ് കേസിനാസ്പദമായ സംഭവം. അയൽവാസി കൂടിയായ കുട്ടിയോട് പ്രതി വീട്ടിലെ കോഴിക്ക് നൽകാനുള്ള അരിയുമായി എത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് അരിയുമായി എത്തിയ കുട്ടിയെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയ ശേഷമാണ് അതിക്രമം നടന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
സംഭവസമയത്ത് പ്രതിയുടെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇതിനിടെ വീട്ടിലെത്തിയ ഒരാളോട് സംസാരിക്കാനായി കുട്ടിയെ മുറിയിൽ പൂട്ടിയിട്ടശേഷം പ്രതി പുറത്തേക്ക് പോയതായും പ്രോസിക്യൂഷൻ ആരോപിച്ചു. കുട്ടിയെ അന്വേഷിച്ച് എത്തിയ അപ്പൂപ്പനോട് കുട്ടി നേരത്തെ പോയെന്നായിരുന്നു പ്രതി പറഞ്ഞത്. തുടർന്ന് കുട്ടിയോടുള്ള അതിക്രമം തുടരുകയായിരുന്നു.
ഭയന്ന് വിവരം പുറത്തുപറയാതെ കുട്ടി
സംഭവത്തിന് പിന്നാലെ ഭയന്ന കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. പിന്നീട് പ്രതിയുടെ വീട്ടിലേക്ക് വീണ്ടും സാധനങ്ങൾ നൽകാൻ വീട്ടുകാർ ആവശ്യപ്പെട്ടതോടെയാണ് കുട്ടി സംഭവം തുറന്നുപറഞ്ഞത്. വീട്ടുകാർ വഴക്ക് പറഞ്ഞതിനിടെ സഹോദരിയോടാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്.
തുടർന്ന് കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചു. എന്നാൽ പ്രതി ബന്ധുവായതിനാൽ സംഭവം പൊലീസിനെ അറിയിക്കരുതെന്ന് ചില ബന്ധുക്കൾ ആവശ്യപ്പെട്ടതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ എതിർപ്പ് അവഗണിച്ച് അമ്മ വലിയതുറ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കേസിൽ പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും മൂന്ന് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
വലിയതുറ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ പ്രകാശ് ആർ., അരുൺ എസ്. എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഡ്വ. സുരഭി പി. എന്നിവർ ഹാജരായി.
കുട്ടിയുടെ മൊഴിയും അന്വേഷണത്തിൽ ശേഖരിച്ച തെളിവുകളും പരിഗണിച്ചാണ് കോടതി പ്രതിക്ക് 47 വർഷം കഠിനതടവും പിഴയും വിധിച്ചത്.