തിരുവനന്തപുരം: ഐഐടി പാലക്കാട് ടെക്‌നോളജി ഇന്നൊവേഷൻ ഫൗണ്ടേഷൻ (ടെകിൻ) സംഘടിപ്പിക്കുന്ന ‘സമഗ്ര 2.0 ഐഐടി പാലക്കാട് ഇന്നൊവേഷൻ സമ്മിറ്റ് 2026’ ഒക്ടോബർ 29, 30 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ഹയാത്ത് റീജൻസിയിൽ നടക്കുന്ന രണ്ടുദിവസത്തെ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വ്യവസായ, വിവരസാങ്കേതികവിദ്യാ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ജലം-ശുചിത്വം, മെഡിക്കൽ ടെക്‌നോളജി, അഗ്രി-ഫുഡ് ടെക്‌നോളജി തുടങ്ങിയ മേഖലകളിലെ വളർന്നുവരുന്ന നൂതനാശയങ്ങൾക്കാണ് സമ്മേളനം പ്രധാനമായും ശ്രദ്ധ നൽകുന്നത്. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ആശയങ്ങൾ ഉപഭോക്താക്കളിലേക്കും നിക്ഷേപകരിലേക്കും എത്തിക്കാനും വിപണി സാധ്യതകൾ കണ്ടെത്താനും സാമ്പത്തിക സഹായം ഉറപ്പാക്കാനുമുള്ള അവസരമാണ് സമഗ്ര 2.0 ഒരുക്കുന്നത്.
ഐഐടി പാലക്കാട് റിസർച്ച് ഷോക്കേസ്
സമ്മേളനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന് ‘ഐഐടി പാലക്കാട് റിസർച്ച് ഷോക്കേസ്’ ആയിരിക്കും. ഐഐടിയിൽ നിന്ന് തിരഞ്ഞെടുത്ത ഗവേഷണങ്ങളും സാങ്കേതികവിദ്യകളും ഇവിടെ പ്രദർശിപ്പിക്കും.
ഗവേഷണങ്ങളുടെ വ്യവസായിക ഉപയോഗം, സാങ്കേതികവിദ്യാ കൈമാറ്റം, വാണിജ്യവൽക്കരണം എന്നിവയ്‌ക്കുള്ള സാധ്യതകൾ പരിചയപ്പെടുത്തുന്നതിനാണ് റിസർച്ച് ഷോക്കേസ് ലക്ഷ്യമിടുന്നത്. ഗവേഷണ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള സഹകരണത്തിനും ഇത് വേദിയാകും.
500ലേറെ പങ്കാളികൾ; 40 സ്റ്റാർട്ടപ്പുകൾ
500ലേറെ പങ്കാളികളും 40 തെരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും സമഗ്ര 2.0യുടെ ഭാഗമാകും. സംരംഭകർ, നിക്ഷേപകർ, വ്യവസായ പ്രതിനിധികൾ, ഗവേഷകർ എന്നിവർക്ക് പരസ്പരം ആശയവിനിമയം നടത്താനും ബിസിനസ് സാധ്യതകൾ കണ്ടെത്താനും പ്രത്യേക കൂടിക്കാഴ്ചകൾ ഒരുക്കിയിട്ടുണ്ട്.
തിരഞ്ഞെടുത്ത സംരംഭങ്ങളും നവീനാശയങ്ങളും അവതരിപ്പിക്കുന്ന സ്റ്റാർട്ടപ്പ് എക്‌സ്‌പോ സമ്മേളനത്തിന്റെ മറ്റൊരു പ്രധാന ആകർഷണമാണ്. നിക്ഷേപകരെ ലക്ഷ്യമിട്ടുള്ള ഇൻവെസ്റ്റർ പിച്ചിംഗ് സെഷനുകളും ബിസിനസ് നിക്ഷേപങ്ങൾക്ക് വഴിയൊരുക്കുന്ന കൂടിക്കാഴ്ചകളും നടക്കും.
വ്യവസായം, വിദ്യാഭ്യാസം, സ്റ്റാർട്ടപ്പ് മേഖലകളിലെ വിദഗ്ധർ നയിക്കുന്ന സെഷനുകളും സമഗ്ര 2.0യിൽ ഉണ്ടാകും. സ്റ്റാർട്ടപ്പുകളെ സാധ്യതയുള്ള ഉപഭോക്താക്കളുമായും പങ്കാളികളുമായും ബന്ധിപ്പിക്കുന്നതിനുള്ള ബിസിനസ് സഹകരണ അവസരങ്ങളും ഒരുക്കിയിട്ടുണ്ട്.
സാങ്കേതികവിദ്യയും ഗവേഷണവും സംരംഭകത്വവും നിക്ഷേപവും ഒരേ വേദിയിൽ കൊണ്ടുവരുന്നതിലൂടെ പുതിയ ബിസിനസ് സാധ്യതകൾ കണ്ടെത്തുന്നതിനും നൂതന ആശയങ്ങളെ വിപണിയുമായി ബന്ധിപ്പിക്കുന്നതിനുമുള്ള വേദിയായി സമഗ്ര 2.0 മാറും.
സമ്മിറ്റിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് samagra.techin-iitpkd.org വഴി രജിസ്റ്റർ ചെയ്യാം.















