മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: മലബാര്‍ ദേവസ്വത്തിന് കീഴിലെ ക്ഷേത്ര ജീവനക്കാരോടുള്ള വിവേചനം ചൂണ്ടിക്കാട്ടി 1951ലെ മദ്രാസ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി. മലബാര്‍ ദേവസ്വത്തിന് കീഴിലെ ക്ഷേത്ര ജീവനക്കാര്‍, വിരമിച്ച ജീവനക്കാര്‍, ഭക്തര്‍ എന്നിവരടങ്ങുന്ന 22 പേരാണ് ഹര്‍ജി സമര്‍പ്പിച്ചത്. 1951ലെ മദ്രാസ് ആക്ട് നമ്പര്‍ XIX ഭരണഘടനയുടെ 14, 16, 21, 25, 26 അനുച്ഛേദങ്ങള്‍ ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. ബെല്‍വെര്‍ഡിയ ലീഗല്‍ എല്‍എല്‍പി മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

മലബാര്‍ ദേവസ്വത്തിന്റെ ഭരണസംവിധാനം സര്‍ക്കാര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ്, കമ്മീഷണര്‍മാര്‍, ഏരിയ കമ്മിറ്റികള്‍, പാരമ്പര്യ ട്രസ്റ്റിമാര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ തുടങ്ങിയ വിവിധ അധികാരകേന്ദ്രങ്ങളിലായി വിഭജിച്ചിരിക്കുന്നത് ഭരണപരമായ സ്തംഭനാവസ്ഥയ്‌ക്ക് കാരണമാകുന്നതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതുമൂലം ക്ഷേത്രങ്ങളുടെ നടത്തിപ്പിലും ജീവനക്കാരുടെയും ഭക്തരുടെയും കാര്യങ്ങളിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ മലബാര്‍ ദേവസ്വം ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും ആനുകൂല്യങ്ങളുമാണ് ലഭിക്കുന്നതെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.

സമാനമായ ജോലികള്‍ ചെയ്യുന്ന ജീവനക്കാരുടെ ശമ്പളം അവരുടെ യോഗ്യതയോ ജോലിയുടെ സ്വഭാവമോ പരിഗണിക്കാതെ ക്ഷേത്രത്തിന്റെ വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രേഡുമായി ബന്ധിപ്പിച്ചിരിക്കുകയാണെന്നും ഹര്‍ജിക്കാര്‍ പറയുന്നു. മറ്റ് ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കാര്‍ക്ക് കേരള സര്‍വീസ് റൂള്‍സ് പ്രകാരമുള്ള പെന്‍ഷന്‍ ലഭിക്കുമ്പോള്‍ മലബാര്‍ ദേവസ്വത്തില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് വളരെ കുറഞ്ഞ പെന്‍ഷനാണ് ലഭിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പ്രതിമാസം 1,500 മുതല്‍ 3,000 രൂപ വരെയാണ് നിലവില്‍ ലഭിക്കുന്നതെന്നാണ് ഹര്‍ജിക്കാരുടെ വാദം. ശമ്പളവും കുടിശ്ശികയും ലഭിക്കാത്തതിനെ തുടര്‍ന്ന് ചികിത്സാ ചെലവുകള്‍ പോലും വഹിക്കാന്‍ കഴിയാതെ ജീവനക്കാര്‍ മരിച്ച സംഭവങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

1994ലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കുന്നതിനും ഏകീകൃത പദ്ധതി രൂപീകരിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടിയിരുന്നുവെന്നും അത് പൂര്‍ണമായി നടപ്പാക്കിയില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. 1961ലെ കുട്ടികൃഷ്ണമേനോന്‍ കമ്മിറ്റി, 1984ലെ ശങ്കരന്‍ നായര്‍ കമ്മീഷന്‍, 2017ലെ അഡ്വ. കെ. ഗോപാലകൃഷ്ണന്‍ നിയമ പരിഷ്‌കരണ കമ്മിറ്റി തുടങ്ങിയ വിവിധ സമിതികളുടെ ശുപാര്‍ശകളും സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നാണ് ഹര്‍ജിയിലെ മറ്റൊരു ആരോപണം.

പാരമ്പര്യ ട്രസ്റ്റിമാരുടെ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്നും ഏകീകൃത ക്ഷേത്ര ഭരണനിയമം നടപ്പാക്കണമെന്നും വിവിധ സമിതികള്‍ ശുപാര്‍ശ ചെയ്തിരുന്നതായും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 1951ലെ മദ്രാസ് ആക്ട് നമ്പര്‍ XIX ഭരണഘടനാ വിരുദ്ധവും അസാധുവുമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. പൊതുക്ഷേത്രങ്ങളുടെ മതേതര, ഭരണ, സാമ്പത്തിക നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പാരമ്പര്യ ട്രസ്റ്റിമാരെ ഒഴിവാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

കേരളത്തിലെ മറ്റ് ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്നതിന് സമാനമായ ശമ്പള സ്‌കെയിലും പെന്‍ഷന്‍ ആനുകൂല്യങ്ങളും മലബാര്‍ ദേവസ്വം ജീവനക്കാര്‍ക്കും ഉറപ്പാക്കാന്‍ ഏകീകൃത പദ്ധതി നടപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Share