ചേര്‍ത്തല: വിവാഹത്തട്ടിപ്പ് നടത്തി സ്ത്രീകളില്‍നിന്ന് പണവും സ്വര്‍ണവും കവര്‍ന്നെന്ന കേസില്‍ പ്രതി അറസ്റ്റില്‍. വയനാട് മാനന്തവാടി ആനിക്കാംപൊയില്‍ വെള്ളറ ചെന്നിക്കരവീട്ടില്‍ ബിജു ആന്റണി (45)യെയാണ് ചേര്‍ത്തല പൊലീസ് വയനാട്ടിലെ വീട്ടിലെത്തി പിടികൂടിയത്. 2020-ല്‍ വയലാര്‍ സ്വദേശിനിയായ രമ്യയെ വിവാഹം കഴിച്ച പ്രതി, മൂന്നാം ദിവസം 30,000 രൂപയും അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴു പവന്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞെന്നാണ് പരാതി. അരൂര്‍ സെന്റ് ആന്റണീസ് പള്ളിക്ക് സമീപത്തെ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ഹോട്ടല്‍ തുടങ്ങാനാണെന്ന് പറഞ്ഞാണ് രമ്യയില്‍നിന്ന് പണം വാങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
രമ്യയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ആറു വര്‍ഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ പല സ്ത്രീകളെ വിവാഹം കഴിച്ച് കബളിപ്പിച്ചതായി വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ പരാതികളുണ്ടെന്നും സുല്‍ത്താന്‍ ബത്തേരിയില്‍ ഭാര്യയും രണ്ടു മക്കളുമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വിവിധ സ്ഥലങ്ങളില്‍ പല പേരുകളില്‍ താമസിച്ചിരുന്ന പ്രതി, വൈവാഹിക വെബ്‌സൈറ്റുകളില്‍ പരസ്യം നല്‍കിയാണ് സ്ത്രീകളെ പരിചയപ്പെട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഡോക്ടറാണെന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയാണ് വിവാഹാലോചന നടത്തിയിരുന്നതെന്നും ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
പത്രപരസ്യത്തിലൂടെ പരിചയപ്പെട്ട തളിപ്പറമ്പ് സ്വദേശിനിയെ ഹൊസങ്കടിയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചശേഷം മൂന്നരപ്പവന്‍ സ്വര്‍ണവുമായി കടന്നെന്ന കേസും മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലുണ്ട്. കണ്ണൂര്‍ ടൗണ്‍, തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ പരിധികളിലെ മോഷണക്കേസുകളില്‍ പ്രതി ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ചേര്‍ത്തല ഡിവൈഎസ്പി എസ്. മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന സംശയമുണ്ടെന്നും അപമാനം ഭയന്ന് പലരും പരാതി നല്‍കാന്‍ മടിക്കുന്നതായും പൊലീസ് പറഞ്ഞു.