തിരുവനന്തപുരം: സ്പെഷ്യൽ കൗൺസിൽ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് കൗൺസിലർമാർ സമർപ്പിച്ച അപേക്ഷയിലെ ഒപ്പുകളിൽ പൊരുത്തക്കേടുണ്ടെന്ന് മേയർ അഡ്വ. വി.വി. രാജേഷ്. സംഭവത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. എസ്.പി. ദീപക് സമർപ്പിച്ച അപേക്ഷയിലെ ഒപ്പുകളിലാണ് ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടതെന്നും വ്യാജ ഒപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മേയർ പറഞ്ഞു.
കൗൺസിലർ ആർ. സുഗതന്റെ വ്യാജ ഒപ്പ് എന്ന പേരിൽ എസ്.പി. ദീപക് ഉന്നയിച്ച പരാതി വ്യാജമാണെന്ന് തെളിഞ്ഞു. കോർപ്പറേഷന്റെ ഔദ്യോഗിക ദൃശ്യങ്ങളിൽ തന്നെ ഇതിന് തെളിവാണ്. സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് വീഡിയോയിൽ കാണാം. അറസ്റ്റിലായി പോകുന്നതിന് മുൻപ് ഒരു കൗൺസിൽ മാത്രമാണ് സുഗതൻ പങ്കെടുക്കാതിരുന്നത്. അതിനാൽ ഉന്നയിച്ച വാദം ദീപക് തെളിയിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.
ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നും വി.വി. രാജേഷ് വിമർശിച്ചു. ഈ മണ്ണും ഭൂമിയും തങ്ങളുടെ കാൽക്കീഴിലാണെന്ന് കരുതിയവർക്ക് അധികാരം നഷ്ടപ്പെട്ടതിന്റെ വേവലാതിയാണിപ്പോൾ. രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ ഹോൺ മുഴക്കി കയറിയവർ വരെ ഇവിടെയുണ്ടായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
2047 വരെയും തിരുവനന്തപുരം നഗരസഭ ബിജെപി ഭരിക്കുമെന്ന ആത്മവിശ്വാസവും മേയർ പ്രകടിപ്പിച്ചു. പ്രധാനമന്ത്രി മുന്നോട്ടുവയ്‌ക്കുന്ന വികസനസ്വപ്നങ്ങൾ സാക്ഷാത്കരിക്കുമ്പോൾ അതിന്റെ ഭാഗമാകാൻ തിരുവനന്തപുരം നഗരസഭയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഹാർബർ വാർഡിലെ ഫ്ലാറ്റ് നിർമാണം പരിശോധിക്കുന്നു
ഹാർബർ വാർഡിലെ ഫ്ലാറ്റുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലും നഗരസഭ പരിശോധന നടത്തിവരികയാണെന്ന് മേയർ അറിയിച്ചു. നിർമാണം പൂർത്തിയായി ആറു മുതൽ ഏഴ് വർഷത്തിനുള്ളിൽത്തന്നെ ഫ്ലാറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചുതുടങ്ങിയെന്നാണ് ചില വീട്ടമ്മമാർ പരാതി അറിയിച്ചത്. തുടർന്ന് സ്ഥലം സന്ദർശിക്കുകയും വിശദമായ പരിശോധന നടത്താൻ തിരുവനന്തപുരം എൻജിനീയറിങ് കോളജിനോട് ആവശ്യപ്പെടുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ മുതൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഫ്ലാറ്റുകളുടെ നിർമാണത്തിൽ അഴിമതിയോ സാങ്കേതിക വീഴ്ചകളോ ഉണ്ടായിട്ടുണ്ടോയെന്നും നിർമാണം പൂർത്തിയായി ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിന്റെ കാരണമെന്താണെന്നും പരിശോധനയിലൂടെ കണ്ടെത്തുമെന്ന് മേയർ വ്യക്തമാക്കി.