ന്യൂഡൽഹി: ഇന്ത്യൻ ഐടി പ്രൊഫഷണലുകളെ ‘അടിമവേലക്കാർ’ എന്ന് വിശേഷിപ്പിച്ച യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. പരാമർശം അനുചിതവും കടുത്ത അപമാനകരവുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ പ്രൊഫഷണലുകൾ അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയിലും നൂതന സാങ്കേതികവിദ്യാ മേഖലയിലും നിർണായക സംഭാവനകൾ നൽകുന്നവരാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
എട്ട് ഇന്ത്യൻ ഐടി കമ്പനികളെ അമേരിക്കയുടെ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) പദ്ധതിയിൽനിന്ന് സസ്‌പെൻഡ് ചെയ്ത നടപടിയിലും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. മൈക്രോസോഫ്റ്റ്, ടാറ്റ, വിപ്രോ, ഇൻഫോസിസ്, അഡോബി, കോഗ്നിസന്റ്, എച്ച്‌സിഎൽ, ക്യാപ്ജെമിനി എന്നീ കമ്പനികൾക്കാണ് നടപടി ബാധകം.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ വിദഗ്ധ തൊഴിലാളിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യൻ പ്രൊഫഷണലുകൾ അമേരിക്കൻ കമ്പനികൾക്ക് മികച്ച സാങ്കേതിക വൈദഗ്ധ്യവും ഗവേഷണ മികവും ഉൽപ്പാദനക്ഷമതയും മത്സരശേഷിയും നൽകുന്നു. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്‌ക്ക് സഹായിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കയുടെ കുടിയേറ്റ ചരിത്രവും ഓർമിപ്പിച്ച് ഇന്ത്യ
ഇന്ത്യൻ തൊഴിലാളികളെ ” അടിമവേലക്കാർ (indentured servants)” എന്ന് വിശേഷിപ്പിച്ച വാൻസിന്റെ പ്രയോഗം ചരിത്രപരമായും കൊളോണിയൽ കാലഘട്ടവുമായി ബന്ധപ്പെട്ടും വേദനാജനകമായ അർഥങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
തലമുറകളായി കുടിയേറ്റക്കാർ നടത്തിയ അധ്വാനവും സംരംഭകത്വവും നൂതന ആശയങ്ങളും അമേരിക്കയുടെ വളർച്ചയിലും സമൃദ്ധിയിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഉയർന്ന വിദ്യാഭ്യാസവും വൈദഗ്ധ്യവുമുള്ള ഇന്ത്യൻ പ്രൊഫഷണലുകളെ അപമാനിക്കുന്ന ഇത്തരം വിശേഷണങ്ങൾ ആ സംഭാവനകളെ അവഗണിക്കുന്നതാണെന്നും ഇന്ത്യ വ്യക്തമാക്കി.