തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിൽ സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും തമ്മിൽ തർക്കം രൂക്ഷമാണെന്ന വാർത്തകൾ തള്ളി ദിവ്യ എസ്. അയ്യർ. വകുപ്പിൽ പോരോ മത്സരമോ ചേരിതിരിവോ ഇല്ലെന്നും മന്ത്രിയുടെ വ്യക്തമായ നിർദേശത്തെ തുടർന്നാണ് പദ്ധതി നടപ്പാക്കിയതെന്നും അവർ വ്യക്തമാക്കി. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
മാലിന്യസംസ്‌കരണ പദ്ധതികളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ ഭിന്നതയുണ്ടെന്നും പദ്ധതികളുടെ നടത്തിപ്പിൽ പ്രാതിനിധ്യത്തെച്ചൊല്ലി തർക്കം നിലനിൽക്കുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ദിവ്യ എസ്. അയ്യർ വിശദീകരണവുമായി രംഗത്തെത്തിയത്.
‘പോരും ഇല്ല, പോരാത്തതിന് മത്സരവും ഇല്ല’ എന്നായിരുന്നു കുറിപ്പിന്റെ തുടക്കം. മനുഷ്യരെ സ്നേഹിക്കുകയും ചേർത്തുപിടിക്കുകയും പ്രശംസിക്കുകയും ചെയ്തതിന്റെ പേരിൽ മാത്രമാണ് ഇതുവരെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വിമർശനങ്ങൾ നേരിട്ടതെന്ന് അവർ കുറിച്ചു. ഇപ്പോൾ പോര്, മത്സരം, ചേരിതിരിവ് തുടങ്ങിയ വിശേഷണങ്ങൾ കേൾക്കുമ്പോൾ അത് തന്നെയോ താൻ ഉൾപ്പെട്ട വിഷയമാണോ എന്ന സംശയം പോലും തോന്നുന്നില്ലെന്നും ദിവ്യ എസ്. അയ്യർ വ്യക്തമാക്കി.
വ്യക്തമായ നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ കൃത്യനിർവഹണം നടത്തിയതെന്നും ഭാവനയിൽനിന്നുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. “വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്” എന്ന വരികളും കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിർമലം, ഐസി 100 പദ്ധതികളെച്ചൊല്ലി വിവാദം
തദ്ദേശവകുപ്പ് സെക്രട്ടറി ടി.വി. അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ‘നിർമലം’ പദ്ധതിയിൽ തനിക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്ന് ദിവ്യ എസ്. അയ്യർ മന്ത്രിയെ കണ്ട് പരാതി അറിയിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെ ‘ഐസി 100’ എന്ന പദ്ധതി പ്രഖ്യാപിച്ചതും വിവാദത്തിന് കാരണമായി.
പ്രിൻസിപ്പൽ ഡയറക്ടർക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിനാണ് രണ്ടാമത്തെ പദ്ധതി പ്രഖ്യാപിച്ചതെന്നും ഐസി 100 പദ്ധതിയിൽ വകുപ്പ് സെക്രട്ടറി അനുപമയ്‌ക്ക് പങ്കില്ലെന്നുമുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇവ സംബന്ധിച്ച റിപ്പോർട്ടുകൾക്കിടെ, രണ്ട് പദ്ധതികളും വ്യത്യസ്ത പരിപാടികളാണെന്നായിരുന്നു തദ്ദേശവകുപ്പിന്റെ വിശദീകരണം.
ഒക്ടോബർ രണ്ടിന് നിർമലം പദ്ധതിക്ക് തുടക്കം
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ശുചിത്വ ക്യാമ്പയിനായാണ് ‘നിർമലം പുതുയുഗ ശുചിത്വ കേരളം’ പദ്ധതി അവതരിപ്പിച്ചത്. ഒക്ടോബർ രണ്ടിന് പറവൂരിൽ മുഖ്യമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പുറത്തിറക്കിയത് തദ്ദേശവകുപ്പ് സെക്രട്ടറി ടി.വി. അനുപമയായിരുന്നു.
പദ്ധതികളുടെ ചുമതലകളും ഉദ്യോഗസ്ഥരുടെ പങ്കും സംബന്ധിച്ച വാർത്തകൾക്കിടയിൽ, വകുപ്പിനുള്ളിൽ തർക്കമില്ലെന്ന നിലപാടാണ് ദിവ്യ എസ്. അയ്യർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.