കൊച്ചി: റിപ്പോർട്ടർ ടിവിയുടെ മാതൃകമ്പനിയായ ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡിനോട് ചാനലിന്റെ പ്രവർത്തനവിവരങ്ങളും സാമ്പത്തിക രേഖകളും ഹാജരാക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഈ മാസം 12-നകം രേഖകൾ സമർപ്പിക്കാനാണ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചാനലിന്റെ ലൈസൻസുമായി ബന്ധപ്പെട്ട പരാതിയിൽ ഇരുവിഭാഗങ്ങളെയും കേട്ട് തീരുമാനമെടുക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് കേന്ദ്ര മന്ത്രാലയത്തിന്റെ നടപടി.
വാർത്തകൾ തയ്യാറാക്കൽ, വിവരങ്ങൾ പങ്കുവയ്‌ക്കൽ, സംപ്രേഷണം തുടങ്ങിയ ചാനലിന്റെ പ്രധാന പ്രവർത്തനങ്ങൾ കമ്പനി നേരിട്ട് നിർവഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഹാജരാക്കേണ്ടത്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലെ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ജീവനക്കാരുടെ ശമ്പളം, വാടക, ഓപ്പറേറ്റർമാർക്കുള്ള പണമടവ് എന്നിവയുമായി ബന്ധപ്പെട്ട ഇൻവോയ്സുകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും സമർപ്പിക്കണം.
ചീഫ് എഡിറ്റർ, സാങ്കേതിക വിഭാഗം ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വിവരങ്ങൾ, നിയമന ഉത്തരവുകൾ, ഇപിഎഫ് രജിസ്ട്രേഷൻ രേഖകൾ, മറ്റ് സ്ഥാപനങ്ങളുമായുള്ള കരാറുകളുടെ പകർപ്പുകൾ, ബാലൻസ് ഷീറ്റ് എന്നിവയും ഹാജരാക്കാൻ നിർദ്ദേശമുണ്ട്.
രേഖകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 15-ന് കമ്പനി പ്രതിനിധികൾക്ക് നേരിട്ടോ ഓൺലൈൻ വഴിയോ വാദം അവതരിപ്പിക്കാനുള്ള അവസരവും നൽകിയിട്ടുണ്ട്. റിപ്പോർട്ടർ ടിവിയുടെ ലൈസൻസുമായി ബന്ധപ്പെട്ട പരാതിയിൽ ഇരുവിഭാഗങ്ങളെയും കേട്ട് തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.