ദുരൂഹതകളുടെയും ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങളുടെയും സൂചനകളുമായി ദിലീപ് നായകനാകുന്ന നീക്കം സിനിമയുടെ ടീസർ പുറത്തിറങ്ങി. ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ദിലീപിന്റെ അഭിനയജീവിതത്തിലെ വേറിട്ട കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. പതിവ് കോമഡി വേഷങ്ങളിൽനിന്ന് മാറി ഗൗരവമേറിയ കഥാപാത്രത്തിലാണ് ഇത്തവണ ദിലീപ് എത്തുന്നതെന്നാണ് ടീസറിലെ രംഗങ്ങൾ വ്യക്തമാക്കുന്നത്.
“അതാണവന്റെ മെയിൻ…” എന്ന സംഭാഷണവും പൊലീസുകാർക്കിടയിലെ ദുരൂഹമായ ചർച്ചകളുമാണ് ടീസറിന്റെ പ്രധാന ആകർഷണം. ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരാളെക്കുറിച്ച് ഉദ്യോഗസ്ഥർ നടത്തുന്ന സംഭാഷണങ്ങളിലൂടെയാണ് കഥയുടെ സ്വഭാവം വെളിപ്പെടുന്നത്.
“ബോഡിയിൽ പിടിവലി നടന്നതിന്റെ ലക്ഷണമുണ്ട്. പക്ഷേ, ഔദ്യോഗികമായി ലീഡ് കിട്ടുന്നതൊന്നും തന്നെയില്ല” എന്ന സംഭാഷണത്തോടെ അന്വേഷണത്തിന്റെ ഗൗരവം ടീസർ വ്യക്തമാക്കുന്നു. തുടർന്ന്, “അയാൾ ഏത് പത്രത്തിന്റെ ആളാണെന്നാ പറഞ്ഞത്?” എന്ന ചോദ്യവും “പത്രമൊന്നുമല്ല സാറേ, ഏതോ തട്ടിക്കൂട്ട് മാസിക” എന്ന മറുപടിയും ശ്രദ്ധ നേടുന്നു.
പണ്ട് പൊലീസാകണമെന്നായിരുന്നു അയാളുടെ ആഗ്രഹമെന്നും അത് നടക്കാത്തതിന്റെ ചൊരുക്ക് അയാൾക്കുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നുണ്ട്. “പൊലീസ് ബുദ്ധിയാ… ചിലപ്പോൾ അതിന്റെ മേലെ നിൽക്കുമെങ്കിലേയുള്ളൂ” എന്ന സംഭാഷണവും കഥാപാത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്നു.
ടീസറിലെ സൂചനകൾ പ്രകാരം പൊലീസിന്റെ അന്വേഷണവും നിരീക്ഷണവും നേരിടുന്ന ദിലീപിന്റെ കഥാപാത്രത്തിന് പിന്നിൽ നിരവധി ദുരൂഹതകളുണ്ട്. ആരാണ് ഈ കഥാപാത്രം? ഇയാൾക്ക് പൊലീസുമായുള്ള ബന്ധമെന്താണ്? അന്വേഷണത്തെ ഇയാൾ എങ്ങനെയാണ് സ്വാധീനിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് ടീസർ ഉയർത്തുന്നത്. ഈ ദുരൂഹതകളുടെ ചുരുളഴിക്കുന്ന ഇമോഷണൽ ത്രില്ലർ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്.
ടീസർ പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. ദിലീപിന്റെ കഥാപാത്രത്തിന്റെ സ്വഭാവവും ചിത്രത്തിന്റെ അവതരണശൈലിയും പ്രേക്ഷകരിൽ പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
ഉർവ്വശി തിയേറ്റേഴ്സ്, പെൻ സ്റ്റുഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, ഡോ. ജയന്തിലാൽ ഗഡ, അലക്സ്, ഇ. കുര്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംഗീതം സേനൻ, നിമിത ഫ്രാൻസിസ് എന്നിവർ സഹനിർമാതാക്കളാണ്. രഘു സുഭാഷ് ചന്ദ്രനാണ് കോ-പ്രൊഡ്യൂസർ.
സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ബിലാസ് ചന്ദ്രൻ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ശാരി, ഷെല്ലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വിബിൻ ബാലചന്ദ്രന്റേതാണ് തിരക്കഥ. മുജീബ് മജീദ് സംഗീതവും അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും നിർവഹിക്കുന്നു. സൂരജ് ഇ.എസ്. ആണ് എഡിറ്റർ. സന്തോഷ് രാമനാണ് പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ് റോണക്സ് സേവ്യറും കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷുമാണ്.
തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി അറുപതോളം ദിവസം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. നിർമാണാനന്തര പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഉർവ്വശി തിയേറ്റേഴ്സ് ചിത്രം പ്രദർശനത്തിനെത്തിക്കും