മലപ്പുറം: തിരുനാവായ മഹാമാഘ മഹോത്സവത്തിനെതിരെ സിപിഎം നേതാവ് പി. ജയരാജനും സിപിഐ നേതാവ് ബിനോയ് വിശ്വവും ഉയർത്തിയ വിമർശനങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). ഇടത് നേതാക്കളുടെ പ്രസ്താവനകൾ കേരളത്തിലെ മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവാണെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ പറഞ്ഞു.
ഹൈന്ദവ ആചാരങ്ങളെയും ഉത്സവങ്ങളെയും രാഷ്‌ട്രീയ കണ്ണിലൂടെ കാണുന്ന സമീപനമാണ് ഇടത് നേതാക്കൾ സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. വരും വർഷങ്ങളിൽ കേരളത്തിൽ ഹൈന്ദവ രാഷ്‌ട്രീയത്തിന്റെ പ്രസക്തിയും സ്വാധീനവും വർധിക്കുമെന്ന ആശങ്കയാണ് ഇത്തരം പ്രസ്താവനകൾക്ക് പിന്നിലെന്നും അനിൽ വിളയിൽ ആരോപിച്ചു.
‘ഭക്തിയെ ഭക്തിഭ്രാന്താക്കി മാറ്റുന്നു’; ജയരാജന്റെ പരാമർശം വിവാദത്തിൽ
തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവത്തെക്കുറിച്ച് സിപിഎം നേതാവ് പി. ജയരാജൻ നടത്തിയ പരാമർശമാണ് വിവാദത്തിന് തുടക്കമിട്ടത്. ഹൈന്ദവ വിശ്വാസത്തെ ഭക്തിഭ്രാന്താക്കി മാറ്റാനും വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള ശ്രമമാണ് മഹാമാഘത്തിന്റെ പിന്നിലെന്നായിരുന്നു ജയരാജന്റെ വിമർശനം. പെരുമ്പാവൂരിൽ നടന്ന സ്വകാര്യ പരിപാടിയിലായിരുന്നു ജയരാജന്റെ പരാമർശം.
‘മുൻകാല എതിർപ്പുകളും മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കി’
1982ലെ രാമായണമാസാചരണവും ശോഭായാത്രകളും 1989ലെ അയോധ്യ ശിലാന്യാസ ചടങ്ങുകളും ഉൾപ്പെടെയുള്ള ഹൈന്ദവ ആചാരങ്ങളെയും പരിപാടികളെയും സിപിഎം ശക്തമായി എതിർത്തിരുന്നു. ചരിത്രപരമായി ഇത്തരം എതിർപ്പുകൾ ഹൈന്ദവ മുന്നേറ്റങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം അധികാരത്തിലിരുന്ന കാലത്തുപോലും ഇത്തരം ചടങ്ങുകളിൽ ഏകദേശം 20 ലക്ഷം പേർ പങ്കെടുത്തിട്ടുണ്ടെന്നും ഇത്തവണ അതിന്റെ ഇരട്ടിയിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദു കലണ്ടറിലെ മാഘമാസവുമായി ബന്ധപ്പെട്ട ആചാരങ്ങൾക്കും പുണ്യസ്നാനത്തിനും മഹാമാഘത്തിൽ പ്രാധാന്യമുണ്ടെന്ന് അനിൽ വിളയിൽ വിശദീകരിച്ചു. ഈ പാരമ്പര്യത്തെ രാഷ്‌ട്രീയ വിവാദങ്ങളിലേക്ക് ചുരുക്കരുതെന്നും അദ്ദേഹം പറഞ്ഞു. മഹാമാഘത്തെ എതിർക്കുന്നവർക്ക് ഉത്സവത്തിന്റെ പ്രാധാന്യം ഇല്ലാതാക്കാനാകില്ലെന്നും വിമർശനങ്ങൾകൊണ്ട് മഹോത്സവത്തിന്റെ മുന്നേറ്റം തടയാനാവില്ലെന്നും അനിൽ വിളയിൽ കൂട്ടിച്ചേർത്തു.